സഞ്ചുവിന്റെയല്ല! തകർത്തത് മറ്റൊരു മലയാളിയുടെ ലോക റെക്കോഡ്; ചരിത്രമെഴുതി വൈഭവ്
Cricket
സഞ്ചുവിന്റെയല്ല! തകർത്തത് മറ്റൊരു മലയാളിയുടെ ലോക റെക്കോഡ്; ചരിത്രമെഴുതി വൈഭവ്
Sudev A
Wednesday, 20th May 2026, 11:28 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായിരിക്കുകയാണ്. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 220 റണ്‍സ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു ഈ വിജയത്തോടെ 14 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കുതിക്കാനും രാജസ്ഥാന് സാധിച്ചു.

വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിങ്‌സ് കരുത്തിലാണ് രാജസ്ഥാന്‍ വിജയിച്ചു കയറിയത്. 38 പന്തില്‍ 93 റണ്‍സാണ് വൈഭവ് നേടിയത്. ഏഴ് ഫോറുകളും 10 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

ഈ ഒറ്റ ഇന്നിങ്‌സ് കൊണ്ട് പല ചരിത്രങ്ങളും തിരുത്തിയെഴുതിയിരിക്കുകയാണ് വൈഭവ്. ഈ സീസണില്‍ 500 റണ്‍സും കടന്ന് കുതിക്കുകയാണ് വൈഭവ്. 13 ഇന്നിങ്‌സില്‍ 579 റണ്‍സുമായി നിലവില്‍ താരം ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ ഒന്നാമതാണ്. ഈ സീസണില്‍ റണ്‍സ് 500 കടന്നതോടെ മറ്റൊരു ലോക റെക്കോഡും വൈഭവ് തന്റെ പേരിലാക്കി മാറ്റി.

ഒരു ടി-20 ടൂര്‍ണമെന്റിന്റെ ഒരു എഡിഷനില്‍ 500 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് 15കാരന്‍ മാറിയത്. മലയാളി താരമായ ദേവദത്ത് പടിക്കലിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്താണ് വൈഭവ് ഈ നേട്ടം കൈവരിച്ചത്. 2019ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു പടിക്കല്‍ 500 റണ്‍സ് അടിച്ചെടുത്തത്. ഈ നേട്ടത്തിലെത്തുമ്പോള്‍ പടിക്കലിന് 19 വയസായിരുന്നു പ്രായം.

ഐ.പി.എല്ലില്‍ ഒരു സീസണില്‍ 500 റണ്‍സ് കടക്കുന്ന പ്രായം കുറഞ്ഞ താരവും വൈഭവ് തന്നെയാണ്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷബ് പന്തിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 2018 സീസണില്‍ തന്റെ 20ാം വയസില്‍ 684 റണ്‍സാണ് പന്ത് നേടിയിരുന്നത്.

അതേസമയം മത്സരത്തില്‍ വൈഭവിന് പുറമെ അര്‍ധ സെഞ്ച്വറി നേടി ധ്രുവ് ജുറലും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. 38 പന്തില്‍ പുറത്താവാതെ 53 റണ്‍സാണ് ജുറല്‍ സ്വന്തമാക്കിയത്. മൂന്ന് വീതം സിക്‌സുകളും ഫോറുകളുമാണ് താരം നേടിയത്. യശ്വസി ജെയ്സ്വാള്‍ 23 പന്തില്‍ 43 റണ്‍സും സ്വന്തമാക്കി തിളങ്ങി.

മെയ് 24ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന്റെ അവസാന മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെയിലാണ് പോരാട്ടം.

Content Highlight: Vaibhav Suryavanshi create a historical record in t20

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.