2026 ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഗോൾഡ് മെഡൽ ഇന്ത്യ നിലനിർത്തിയിരിക്കുകയാണ്. ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ 19 റൺസിന് തകർത്താണ് ഇന്ത്യയുടെ സ്വർണ നേട്ടം. ജപ്പാനിലെ കൊരോഗി സ്പോർട്സ് പാർക്കിൽ നടന്ന കലാശപ്പോരാട്ടത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടാനേ സാധിച്ചുള്ളൂ.
ഇന്ത്യൻ യുവവിസ്മയം വൈഭവ് സൂര്യവംശിയും ഫൈനലിൽ കളത്തിലിറങ്ങിയിരുന്നു. ഇന്ത്യക്കൊപ്പം സ്വർണ നേട്ടത്തോടെ ഒരു ചരിത്രവും ഏഷ്യൻ ഗെയിംസിൽ വൈഭവ് എഴുതിച്ചേർത്തു. ഏഷ്യൻ ഗെയിംസിൽ ഗോൾഡ് മെഡൽ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യൻ താരമായാണ് വൈഭവ് മാറിയത്. 15 വയസും ആറ് മാസവും ആറ് ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ നേട്ടം.

വൈഭവ് സൂര്യവംശി. Photo: BCCI/x.com
ഇന്ത്യൻ താരം സൗരഭ് ചൗധരിയെയാണ് വൈഭവ് മറികടന്നത്. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഗോൾ മെഡൽ സ്വന്തമാക്കുമ്പോൾ സൗരഭ് ചൗധരിക്ക് 16 വയസും മൂന്ന് മാസവും ഒമ്പത് ദിവസവുമായിരുന്നു പ്രായം ഉണ്ടായിരുന്നത്. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിലായിരുന്നു താരത്തിന് ഗോൾഡ് മെഡൽ ലഭിച്ചിരുന്നത്.
ഇരുവരുടെയും നേട്ടം വ്യത്യസ്ത വിഭാഗങ്ങളിലാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി വൈഭവ് സ്വർണം സ്വന്തമാക്കിയപ്പോൾ സൗരഭ് വ്യക്തിഗത ഇനത്തിലുമാണ് ഗോൾഡ് കരസ്ഥമാക്കിയത്. ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ പ്രായം കുറഞ്ഞ ഇന്ത്യൻ താരം സൗരഭ് തന്നെയാണ്.
അതേസമയം മത്സരത്തിൽ അർദ്ധ സെഞ്ച്വറികൾ നേടിയ അഭിഷേക് ശർമയുടെയും തിലക് വർമയുടെയും മിന്നും പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. . അഭിഷേക് ശർമ പാക് ബൗളർമാരെ കടന്നാക്രമിച്ച് 28 പന്തിൽ 61 റൺസാണ് നേടിയത്. 15 റൺസ് നേടി വൈഭവ് സൂര്യവംശി പുറത്തായപ്പോൾ മലയാളി താരം സഞ്ജു സാംസൺ രണ്ട് പന്തിൽ വെറും നാല് റൺസ് മാത്രം നേടി മടങ്ങി.
പിന്നീട് ക്യാപ്റ്റൻ ശ്രേയസ് അയ്യരും (24 പന്തിൽ 21) ഇഷാൻ കിഷനും (18 പന്തിൽ 20) പതറിയതോടെ ഇന്ത്യയുടെ സ്കോറിങ് വേഗത കുറഞ്ഞു. എന്നാൽ അഞ്ചാമനായി എത്തിയ തിലക് വർമ മത്സരത്തിന്റെ ചിത്രം മാറ്റിമറിച്ചു. 22 പന്തിൽ 51 റൺസ് നേടി ഫിഫ്റ്റി പൂർത്തിയാക്കിയ തിലകിന്റെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയെ മത്സരത്തിലേക്ക് വീണ്ടും തിരിച്ചെത്തിച്ചു. അവസാന ഓവറുകളിൽ ശിവം ദുബെയും (15 പന്തിൽ 27) തിലകിന് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യയുടെ സ്കോർ 200 കടന്നു
ശിവം ദുബെ, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാർ. രണ്ട് വീതം വിക്കറ്റുകളാണ് മൂവരും വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ മികച്ച രീതിയിലാണ് തുടങ്ങിയത്. ഓപ്പണിങ് കൂട്ടുകെട്ടായ ക്യാപ്റ്റൻ സാഹിബ്സാദ ഫർഹാൻ (11 പന്തിൽ 10 റൺസ് ) മാസ് സദഖാത് ( 18 പന്തിൽ 23 റൺസ്) നേടി അടിത്തറ പാകി. ഉസ്മാൻ ഖാന് വലിയ സംഭാവനകളും നൽകാൻ സാധിച്ചില്ലെങ്കിലും പിന്നീടെത്തിയ ഹസൻ നവാസ് ഇന്ത്യൻ ബൗളർമാരെ സമ്മർദ്ദത്തിലാകുകയിരുന്നു.
51 പന്തിൽ 96 റൺസോടെ താരം പൊരുതി. സയീം അയ്യൂബ് (22 പന്തിൽ 29 റൺസ്), അബ്ദുൾ സമദ് (ഒമ്പത് പന്തിൽ ഒമ്പത് റൺസ്), സാദ് മസൂദ് (അഞ്ച് പന്തിൽ 12 റൺസ്) എന്നിവരൊപ്പം ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.
Content Highlight: Vaibhav Suryavanshi create a historical record in Asian games
