സച്ചിനൊപ്പം രോഹിത്തിനെയും വീഴ്ത്തി; ചരിത്രം സൃഷ്ടിച്ച് ബേബി ബോസ്
Cricket
സച്ചിനൊപ്പം രോഹിത്തിനെയും വീഴ്ത്തി; ചരിത്രം സൃഷ്ടിച്ച് ബേബി ബോസ്
സുദേവ് എ
Monday, 27th July 2026, 11:43 am

സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. ടി-20 ലോകകപ്പിന് ശേഷവും പുതിയ നായകന്‍ ശ്രേയസ് അയ്യരുടെ കീഴിലുമുള്ള ഇന്ത്യയുടെ ആദ്യ ടി-20 പരമ്പര വിജയമാണിത്.

ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന അവസാന മത്സരത്തില്‍ 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വേ ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു.

അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയ യുവതാരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യക്കായി തിളങ്ങിയത്. 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്‌സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും വൈഭവ് തന്നെയാണ്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ (മെന്‍സ്) ഇന്ത്യക്ക് വേണ്ടി പ്ലെയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ഇതോടെ വൈഭവ് മാറി. 15 വയസും 121 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ നേട്ടം. 17 വയസും 112 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്‍ ആദ്യമായി ഇന്ത്യക്കൊപ്പം ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.

ഇതിന് പുറമെ ഇന്ത്യക്ക് വേണ്ടി ടി-20യില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന യുവതാരമെന്ന നേട്ടത്തില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയേയും വൈഭവ് മറികടന്നു. 20 വയസും 143 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു രോഹിത് തന്റെ ആദ്യ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയത്.

സിംബാബ്വേ പരമ്പരയിലെ താരവും വൈഭവ് തന്നെയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തിലും വൈഭവ് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

 

Content Highlight: Vaibhav Suryavanshi break Rohit Sharma record in international T20

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.