ഇന്ത്യന്‍ യുവവിസ്മയം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി ഡിവില്ലിയേഴ്‌സ്. 1015 വര്‍ഷമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കളിക്കുന്ന താരമാണെന്ന് വൈഭവിന്റെ ബാറ്റിങ് കാണുമ്പോള്‍ തോന്നുമെന്നാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്. ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്ന ക്രിക്കറ്റ് താരമാണ് വൈഭവെന്നും സൗത്ത് ആഫ്രിക്കന്‍ ലെജന്‍ഡ് പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ഡിവില്ലിയേഴ്‌സ്.
‘ഇപ്പോള്‍ എല്ലാവരുടെയും സംസാരവിഷയം വൈഭവ് സൂര്യവംശിയാണ്. അവന്‍ ഇപ്പോഴും യുവതാരമാണ്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും മികച്ച രീതിയില്‍ റണ്‍സ് നേടുന്നുണ്ട്. 1015 വര്‍ഷമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കളിക്കുന്ന താരത്തെപ്പോലെയാണ് വൈഭവിന്റെ പ്രകടനം. അവന് വലിയ ഭാവിയുണ്ട്. അവന്റെ അടുത്ത പ്രകടനം കാണാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,’ ഡിവില്ലിയേഴ്‌സ് പറഞ്ഞു.
2026 ദുലീപ് ട്രോഫി ചാമ്പ്യന്‍മാരായ ഈസ്റ്റ് സോണ്‍ ടീമിലെ അംഗമായിരുന്നു വൈഭവ്. ചെന്നൈയില്‍ നടന്ന കലാശപ്പോരാട്ടം സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയതിന്റെ കരുത്തിലാണ് ഈസ്റ്റ് സോണ്‍ ചാമ്പ്യന്‍മാരായത്.
ടൂര്‍ണമെന്റില്‍ മിന്നും പ്രകടനമായിരുന്നു വൈഭവ് നടത്തിയിരുന്നത്. സെമി ഫൈനലില്‍ സെന്‍ട്രല്‍ സോണിനെതിരെ വൈഭവ് 81 പന്തില്‍ 92 റണ്‍സ് നേടിയാണ് തിളങ്ങിയത്. ഏഴ് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.
ഇതോടെ ദുലീപ് ട്രോഫിയില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി. 15 വയസും 157 ദിവസവും പ്രായമായുള്ളപ്പോഴാണ് താരത്തിന്റെ ഈ ചരിത്രനേട്ടം. 57 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ തകര്‍ത്തത്.

1969 ലക്ഷ്മണ്‍ സിങ് നേടിയ റെക്കോഡാണ് വൈഭവ് തകര്‍ത്തെറിഞ്ഞത്. 16 വയസും 23 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ലക്ഷ്മണ്‍ ഈ നേട്ടം കൈവരിച്ചത്.
മത്സരത്തില്‍ ഈസ്റ്റ് സോണിനെ നയിച്ചതും വൈഭവ് തന്നെയാണ്. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് പരിക്കേറ്റ് പുറത്താവേണ്ടി വന്നതിന് പിന്നാലെയാണ് ഈ വലിയ ചുമതല സൂര്യവംശിയെ തേടിയെത്തിയത്.
ഇഷാന്‍ മടങ്ങിയതോടെ വിക്കറ്റ് കീപ്പിങ് ചുമതല കുമാര്‍ കുശാഗ്ര ഏറ്റെടുക്കുകയും ക്യാപ്റ്റന്‍സി വൈഭവിന് കൈമാറുകയുമായിരുന്നു. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി.
Content Highlight: South African legend AB de Villiers praises Vaibhav Suryavanshi
