[] തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക ഊര്‍മ്മിള ദേവിയെ തിരുവനന്തപുരം മോഡല്‍ സ്‌കൂളിലേക്ക് മാറ്റി നിയമിച്ചു. അധ്യാപിക നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

നേരത്തെ ആറ്റിങ്ങലിലെ അയിലം സ്‌കൂളിലേക്കായിരുന്നു അധ്യാപികയെ മാറ്റിയിരുന്നത്. സ്ഥലംമാറ്റം വിവാദമായതിനു പിന്നാലെ  പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും സമരം ശക്തമാക്കിയതും സംഭവത്തില്‍ ഖേദപ്രകടനം നടത്തി പ്രധാനാധ്യാപിക മുഖ്യമന്ത്രിക്ക്  വിശദീകരണക്കുറിപ്പു നല്‍കിയതുകൂടി കണക്കിലെടുത്താണ് തിരുവനന്തപുരം മോഡല്‍ സ്‌കൂളിലേക്ക് മാറ്റി നിയമിച്ചത്.

ഡിസ്ട്രിക്ട് ഫോര്‍ ഇംഗ്ലീഷിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയെ പൊതുവേദിയില്‍ വിമര്‍ശിച്ചുവെന്ന ആരോപണത്തില്‍ കഴിഞ്ഞ ആഴ്ചയാണ് അധ്യാപികയെ സ്ഥലംമാറ്റിയത്.

അതേസമയം പ്രധാനാധ്യാപിക ഊര്‍മ്മിളാ ദേവിയെ സ്ഥലം മാറ്റിയതില്‍ തെറ്റില്ലെന്നും സ്ഥലം മാറ്റം നല്‍കുന്നതിന് അദ്ധ്യാപികയുടെ സമയം ചോദിക്കേണ്ട കാര്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു.