നടിയും അസിസ്റ്റന്റ് ഡയറക്ടറുമായ ഉണ്ണിമായ പ്രസാദിന്റെ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ഉണ്ണിമായ കുതിരപ്പുറത്തിരുന്ന് വരുന്നതാണ് വീഡിയോ, ബാക്ക്ഗ്രൗണ്ടില്‍ വിജയ്‌യുടെ മാസ്റ്ററിലെ വാത്തി റെയ്ഡ് എന്ന പാട്ടുമുണ്ട്. ജോജി സിനിമയുടെ സെറ്റില്‍ നിന്നുള്ളതാണ് ഈ വീഡിയോ.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായ ബിന്‍സിയായിട്ടാണ് ഉണ്ണിമായ എത്തുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ജോജി എന്ന കഥാപാത്രത്തിന് വായു എന്ന് വിളിക്കുന്ന ഒരു കുതിരയുണ്ട്. ആ കുതിരയുടെ പുറത്തിരുന്നുകൊണ്ടുള്ള വീഡിയോയാണ് ഇപ്പോള്‍ ഉണ്ണിമായ പങ്കുവെച്ചിരിക്കുന്നത്.
മാക്ബത്തിന്റെ സ്വതന്ത്രാവിഷ്‌കാരമായ ജോജിയിലെ ലേഡി മാക്ബത്തിനോട് സാമ്യമുള്ള കഥാപാത്രമാണ് ബിന്‍സി. ബിന്‍സിയായി മികച്ച പ്രകടനമാണ് ഉണ്ണിമായ നടത്തുന്നത്. സൂക്ഷ്മവും സ്വാഭാവികവുമായ ഉണ്ണിമായയുടെ അഭിനയത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടിമുതലും ദൃക്സാക്ഷിയ്ക്കും ശേഷമുള്ള ദിലീഷ് പോത്തന്റെ ജോജി ഏപ്രില്‍ ഏഴിനാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മികച്ച നിരൂപക ശ്രദ്ധയും പ്രേക്ഷകപ്രീതിയും ചിത്രം നേടിയിരുന്നു. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Content Highlight: Actress Unnimaya Prasad funny video
