നേരിട്ടത് അപ്രതീക്ഷിത തിരിച്ചടി; തിരുത്തലുകള്‍ നടത്തി തിരിച്ചുവരും: എം.വി ഗോവിന്ദന്‍
Kerala
നേരിട്ടത് അപ്രതീക്ഷിത തിരിച്ചടി; തിരുത്തലുകള്‍ നടത്തി തിരിച്ചുവരും: എം.വി ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th May 2026, 4:53 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്നും പരാജയകാരണങ്ങള്‍ സത്യസന്ധമായി പരിശോധിക്കുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

സംഘടനാപരവും രാഷ്ട്രീയപരവുമായ വിവിധ ഘടകങ്ങള്‍ ഈ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ജനങ്ങളെയും എല്‍.ഡി.എഫ് ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്ത് ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കണക്കുകള്‍ നിരത്തിയായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. ഇത്തവണ എല്‍.ഡി.എഫിന് ലഭിച്ചത് 37.6 ശതമാനം വോട്ടാണ്. ഇത് താരതമ്യേന കുറഞ്ഞ ശതമാനമാണ്. മുന്‍കാലങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 2019ല്‍ പാര്‍ട്ടിയ്ക്ക് 35.1 ശതമാനം വോട്ടാണ് ലഭിച്ചത്. 2024ല്‍ 33.35 ശതമാനവും.

ഈ ഘട്ടങ്ങളിലെല്ലാം നേരിട്ട തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും ജനങ്ങള്‍ക്ക് ബോധ്യമാകുന്ന രീതിയില്‍ തിരുത്തലുകള്‍ വരുത്തി തിരിച്ചുവരാനും ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. ആ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കും.

പരാജയത്തെക്കുറിച്ചുള്ള പരിശോധന കേവലം ഉപരിപ്ലവമാകില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. മെയ്, ജൂണ്‍ മാസങ്ങളിലായി പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേര്‍ക്കും.

‘ഓരോ സഖാവിനും പറയാനുള്ളത് കേള്‍ക്കാനും അത് മുഖവിലയ്‌ക്കെടുക്കാനും പാര്‍ട്ടി തയ്യാറാണ്. ഭയരഹിതമായും സ്വതന്ത്രമായും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ എല്ലാ ഘടകങ്ങളിലും അവസരമൊരുക്കും.

സംസ്ഥാന സെക്രട്ടറിയേറ്റ്, ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി എന്നിവ ചേരുന്നതിന് പുറമെ, കേരളത്തിലെ മുഴുവന്‍ ഏരിയ കമ്മിറ്റികളിലും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷമേ പാര്‍ട്ടി അന്തിമ തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കുകയുള്ളൂ.

അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്ന രീതി തിരുത്തിക്കൊണ്ട് പത്തു വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരിക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചു. ജനവിശ്വാസം വീണ്ടെടുത്ത് വീണ്ടും അധികാരത്തില്‍ വരാന്‍ സാധിക്കുന്ന മുന്നണിയാണിതെന്നും അതിനായി കൃത്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്കെതിരെ വലിയ രീതിയിലുള്ള കുപ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അവയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷതയും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിച്ചുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും, ജനഹൃദയങ്ങളില്‍ ഇടതുപക്ഷത്തിനുള്ള സ്ഥാനം തിരിച്ചുപിടിക്കുമെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: Unexpected Setback Faced; Will Return After Making Corrections: M.V. Govindan