2002ന് ശേഷം കിരീടം നേടാനിറങ്ങിയ ബാഴ്സ വീണു; കപ്പ് തൂക്കി ഇറ്റാലിയൻ ടീം
Football
2002ന് ശേഷം കിരീടം നേടാനിറങ്ങിയ ബാഴ്സ വീണു; കപ്പ് തൂക്കി ഇറ്റാലിയൻ ടീം
സുദേവ് എ
Sunday, 9th August 2026, 8:08 am

2026 ഫ്രിയുലി വെനീസിയ ഗിയൂലിയ കപ്പ് (ട്രെയാന്‍കുലര്‍ ടൂര്‍ണമെന്റ്) സ്വന്തമാക്കി ഇറ്റാലിയന്‍ ക്ലബ്ബ് ഉദിനീസ് കാല്‍സിയോ. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ, ഇംഗ്ലീഷ് ക്ലബ്ബ് നോട്ടിങ്ഹാം ഫോറസ്റ്റ് എന്നീ ടീമുകളെ മറികടന്നാണ് ഇറ്റാലിയന്‍ ക്ലബ്ബിന്റെ കിരീട നേട്ടം. യാന്‍കുലര്‍ ടൂര്‍ണമെന്റ് മുമ്പ് നടന്നിട്ടുണ്ടെങ്കിലും ഫ്രിയുലി വെനീസിയ ഗിയൂലിയ ടൂര്‍ണമെന്റിന്റെ ആദ്യ എഡിഷനായിരുന്നു ഇത്.

രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ആറ് പോയിന്റ് സ്വന്തമാക്കിയാണ് ഉദിനീസ് കാല്‍സിയോയുടെ നേട്ടം. അവസാന മത്സരത്തില്‍ ബാര്‌സലോണയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് കാല്‍സിയോ ചാമ്പ്യന്മാരായത്. ഇസൗഫ് ബയോയാണ് ഉദിനീസിന്റെ ഗോള്‍ സ്‌കോറര്‍. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തിന്റെ ഗോള്‍ പിറന്നത്.

ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തില്‍ നോട്ടിങ്ഹാമിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റാലിയന്‍ ടീം വീഴ്ത്തിയത്. ഉമര്‍ സൊലെറ്റാണ് ടീമിന്റെ ഗോള്‍ സ്‌കോറര്‍. കോര്‍ണറില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് താരം ലക്ഷ്യം കണ്ടത്.

മറുഭാഗത്ത് ബാഴ്‌സക്ക് ഒരു മത്സരം മാത്രമാണ് വിജയിക്കാനായത്. നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കറ്റാലന്മാര്‍ പരാജയപ്പെടുത്തിയത്. ബ്രസീലിയന്‍ സൂപ്പര്‍താരം റാഫിഞ്യയാണ് ഗോള്‍ സ്‌കോറര്‍.

നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ബാഴ്സലോണ ഒരു ട്രെയാന്‍കുലര്‍ ടൂര്‍ണമെന്റിന്റെ ഭാഗമായത്. ഇതിനു മുമ്പ് കറ്റാലന്മാര്‍ 2002ലാണ് ട്രെയാന്‍കുലര്‍ ടൂര്‍ണമെന്റ് കളിച്ചത്. ഇറ്റാലിയന്‍ ക്ലബ്ബ് പാര്‍മയേയും ഡച്ച് ടീം അജാക്സിനെയും ആയിരുന്നു ബാഴ്സ അന്ന് നേരിട്ടത്. ആദ്യ മത്സരത്തില്‍ പാര്‍മയെ 4-2ന് പരാജയപ്പെടുത്തിയ ബാഴ്സ രണ്ടാം മത്സരത്തില്‍ ഡച്ച് ക്ലബ്ബിനോട് പരാജയപ്പെടുകയും ചെയ്തു.

എന്നാല്‍ 2001ല്‍ നടന്ന ട്രെയാന്‍കുലര്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായത് ബാഴ്‌സയായിരുന്നു. എസ്പാനിയോളിനെയും റയല്‍ സോസിഡാഡിനെയും വീഴ്ത്തിയായിരുന്നു ബാഴ്‌സയുടെ കിരീട നേട്ടം. റയല്‍ സോസിഡാഡിനെതിരെ സമനിലയില്‍ കുടുങ്ങിയ ബാഴ്സ എസ്പാനിയോളിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ചാമ്പ്യന്മാരായത്.

അതേസമയം ഈ ടൂര്‍ണമെന്റില്‍ സാധാരണ പോലെ 90 മിനിട്ട് ആയിരുന്നില്ല ഓരോ മത്സരത്തിന്റെയും ദൈര്‍ഘ്യം. 45 മിനിട്ട് മാത്രമായിരുന്നു മത്സരം. 45 മിനിട്ടിനുള്ളില്‍ വിജയിക്കുന്ന ടീമിന് മൂന്ന് പോയിന്റും, പെനാല്‍റ്റിയിലൂടെ വിജയിക്കുന്ന ടീമിന് രണ്ട് പോയിന്റും, പെനാല്‍റ്റിയില്‍ പരാജയപ്പെടുന്ന ടീമിന് ഒരു പോയിന്റും ആണ് ലഭിക്കുക. 45 മിനിട്ടിനുള്ളില്‍ പരാജയപ്പെടുന്ന ടീമിന് പോയിന്റൊന്നും ലഭിക്കില്ല. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമാണ് ചാമ്പ്യന്മാരാവുക.

 

 

Content Highlight: Udinese Calcio won the Triangular tournament, defeating Barcelona and Nottingham Forest

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.