13 വര്‍ഷത്തെ ഹിറ്റില്ലായ്മക്ക് അവസാനം കുറിച്ചുകൊണ്ട് ബോക്‌സ് ഓഫീസില്‍ സൂര്യ തിരിച്ചുവരവ് നടത്തിയ വര്‍ഷമാണിത്. കറുപ്പിലൂടെ കരിയറിലെ ആദ്യത്തെ 300 കോടിയും തൊട്ടുപിന്നാലെ വന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ് 200 കോടിയും നേടിയതോടെ സൂര്യ കോളിവുഡിലെ തന്റെ പഴയ സ്ഥാനം വീണ്ടെടുത്തു. വരാനിരിക്കുന്ന സീനിലും ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്.
വിജയ് കളമൊഴിഞ്ഞതോടെ ബാക്ക് ടു ബാക്ക് ഹിറ്റുമായി സൂര്യ ആ സ്ഥാനത്തേക്ക് കടന്നുവരുമെന്നാണ് കരുതുന്നത്. എന്നാല്‍ തിരിച്ചുവരവില്‍ ആഘോഷിക്കുന്ന ആരാധകരുടെ സ്വസ്ഥത ഇല്ലാതാക്കാന്‍ സാധ്യതയുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ച. അടുത്തിടെ പരാജയപ്പെട്ട ഒരു പാന്‍ ഇന്ത്യന്‍ സിനിമയുടെ സെക്കന്‍ഡ് പാര്‍ട്ട് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതായി ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞദിവസം എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു. നിര്‍മാതാക്കള്‍ക്ക് മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ പരാജയപ്പെട്ട സിനിമയാണിതെന്നും രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തതുകൊണ്ട് മാത്രം ഇപ്പോള്‍ ചിത്രീകരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് പിന്നാലെയാണ് ആ ചിത്രം കങ്കുവയാണെന്ന് ചിലര്‍ അനുമാനിച്ചത്. സമീപകാലത്ത് സൂര്യയുടെ ആരാധകര്‍ക്ക് ലൈഫ്‌ടൈം ട്രോമ സമ്മാനിച്ച ചിത്രമായിരുന്നു കങ്കുവ. ചെന്നൈ, മുംബൈ, ദല്‍ഹി, കൊച്ചി തുടങ്ങി ഇന്ത്യയിലെ പല വമ്പന്‍ നഗരങ്ങളിലും ഓടിനടന്ന് പ്രൊമോഷന്‍ നടത്തി പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ കങ്കുവ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറി.

250 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ ചിത്രം ബജറ്റ് പോലും തിരിച്ചുകിട്ടാതെയാണ് കളംവിട്ടത്. മോശം സൗണ്ട് ഡിസൈന്‍ പ്രേക്ഷകര്‍ക്ക് തലവേദന സമ്മാനിച്ചതെല്ലാം വലിയ വാര്‍ത്തയായി. രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്.
കഷ്ടപ്പാടിനും അപമാനങ്ങള്‍ക്കുമൊടുവില്‍ ഇപ്പോഴാണ് സൂര്യയുടെ ആരാധകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസം ലഭിക്കുന്നത്. ഇതിന് അധികം ആയുസുണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. കരിയറില്‍ ശ്രദ്ധയോടെ മുന്നോട്ട് പോകുന്ന സൂര്യ വീണ്ടും അബദ്ധം കാണിക്കില്ലെന്നാണ് ആരാധകര്‍ കരുതുന്നത്.

ചര്‍ച്ചയില്‍ ഉദ്ദേശിച്ച ചിത്രം കിങ്ഡമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തിന്നനൂരി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടായിരുന്നു കിങ്ഡവും അവസാനിച്ചത്. ഏത് സിനിമയാകും വരികയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമായ സൂചന ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Unconfirmed rumors that Makers planning to do the sequel of Kanguva movie
