ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ നടത്തുന്ന അക്രമങ്ങളും കുടിയൊഴിപ്പിക്കലും അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ വിപുലീകരണവും അവിടെ ‘വംശീയ ഉന്മൂലന’ത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നാതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇവ സമാധാനത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ കണ്‍മുന്നില്‍ വെച്ച് ദ്വിരാഷ്ട്ര പരിഹാരം ഇല്ലാതാകുന്നതിനെ അനുവദിക്കാനാവില്ലെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ നടന്ന 81ാമത് യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ദ റോഡ് എഹെഡ്’ എന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമേഷ്യയെ ആകെ ബാധിച്ചിരിക്കുന്ന സംഘര്‍ഷാവസ്ഥകള്‍ക്കിടയില്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെ അതീവ ഗുരുതരമായ സാഹചര്യങ്ങളെ അവഗണിക്കരുത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണങ്ങള്‍ അങ്ങേയറ്റം നിന്ദ്യമാണെന്നും എന്നാല്‍ അതിനുശേഷം ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെ നടന്ന ഇസ്രഈല്‍ ആക്രമണങ്ങള്‍ സെക്രട്ടറി ജനറല്‍ എന്ന നിലയിലുള്ള കാലയളവില്‍ ഞാന്‍ കണ്ടിട്ടില്ലാത്തത്ര വലിയ തോതിലുള്ള കൊലപാതകങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണമായെന്നും ഗുട്ടെറസ് പറഞ്ഞു.

ഗസയില്‍ വംശഹത്യ തടയുന്നതതിനുള്ള ഉടമ്പടി പ്രാബല്യത്തിലാക്കുന്നതിന് വേണ്ടി നിയമപരമായി ബാധകമായ ഇടക്കാല നടപടികള്‍ അന്താരാഷ്ട്ര നീതിന്യായ കോടതി സ്വീകരിച്ചിരുന്നു. ഗസയില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ഐക്യരാഷ്ട്രസഭയെ അനുവദിക്കണമെന്നും യു.എന്‍ ജീവനക്കാര്‍ക്കും മാനുഷിക സഹായം നല്‍കുന്നവര്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കോടതി നിര്‍ദേശമുണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രഈല്‍-ഫലസ്തീന്‍ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള സമയം കടന്നുപൊയിക്കൊണ്ടിരിക്കുകയാണ്. ദ്വിരാഷ്ട്ര പരിഹാരം എന്ന കാര്യത്തിന് കടലാസിലെങ്കിലും പിന്തുണ വര്‍ധിക്കുന്നുണ്ടെങ്കിലും അധിനിവേശ ഫലസ്തീനിലെ പ്രശ്‌നങ്ങള്‍ ആ പരിഹാരത്തിലേക്കുള്ള വഴികളെ തടയുന്നു. 1967-ന് മുമ്പുള്ള അതിര്‍ത്തികള്‍, അന്താരാഷ്ട്ര നിയമം, സുരക്ഷാ സമിതിയുടെ പ്രസക്തമായ പ്രമേയങ്ങള്‍, മുന്‍കാല കരാറുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ഇസ്രഈലികളും ഫലസ്തീനികളും തമ്മിലുള്ള ശാശ്വത സമാധാനത്തിനായുള്ള വിശ്വസനീയമായ ഏക മാര്‍ഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വതന്ത്രവും ജനാധിപത്യപരവും ഭൂമിശാസ്ത്രപരമായി ഒരുമിച്ചുള്ളതും പ്രായോഗികവും പരമാധികാരമുള്ളതുമായ ഒരു ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള സാഹചര്യങ്ങള്‍ വ്യവസ്ഥാപിതമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്നും ഗസയിലും വെസ്റ്റ് ബാങ്കിലുമുള്ള ഇസ്രഈലി ആക്രമണങ്ങളെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുകയാണ്. ഫലസ്തീനികള്‍ക്കെതിരായ കുടിയേറ്റ അക്രമങ്ങളും പുണ്യ സ്ഥലങ്ങളില്‍ അതിക്രമിച്ച് കയറുന്നതടക്കമുള്ള സംഭവങ്ങളും വര്‍ധിക്കുന്നുവെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ് ബാങ്കിലെ ‘ഇ-വണ്‍’ മേഖലയില്‍ ഇസ്രായേല്‍ ആസൂത്രണം ചെയ്യുന്ന കുടിയേറ്റ പദ്ധതികള്‍ ആശങ്കാകരമാണ്. ഇത്തരം നടപടികള്‍ മുന്നോട്ട് കൊണ്ടുപോയാല്‍, ‘തുടര്‍ച്ചയുള്ളതും പ്രായോഗികവുമായ ഒരു ഫലസ്തീന്‍ രാഷ്ട്രം എന്ന സാധ്യതയ്ക്ക് അത് മാരകമായ തിരിച്ചടിയാകും’ എന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷങ്ങളെക്കുറിച്ചും ഗുട്ടെറസ് സംസാരിച്ചു. മേഖലയില്‍ സംഘര്‍ഷങ്ങള്‍ വ്യാപിക്കുകയാണ്. വെടിനിര്‍ത്തലുകള്‍ക്ക് വലിയ മാറ്റമൊന്നും ഉണ്ടാക്കാനാവുന്നില്ല. സാധാരണക്കാരാണ് സംഘര്‍ഷങ്ങളുടെ ദുരിതം പേറുന്നതെന്നും ഗുട്ടെറസ് പറഞ്ഞു.

സംഘര്‍ഷം ലഘൂകരിക്കുന്നതിനും ചര്‍ച്ചകള്‍ക്കുമായി ഈ ഉന്നതതല സമ്മേളനത്തെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സഭയിലെ നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കുക, മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കുക, അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി സമുദ്ര യാത്രാ അവകാശങ്ങളും സ്വാതന്ത്ര്യവും പൂര്‍ണ്ണമായി പുനസ്ഥാപിക്കുക എന്നീ കാര്യങ്ങളില്‍ വ്യക്തമായ സന്ദേശം അന്താരാഷ്ട്ര സമൂഹം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: UN chief says Israeli actions in occupied West Bank raising ‘specter of ethnic cleansing’