us  വാഷിങ്ടണ്‍: അമേരിക്കയില്‍ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്. വാഷിങ്ടണിലെ സ്‌കൂളില്‍ കഫറ്റേരിയക്ക് നേരെ വിദ്യാര്‍ത്ഥി നടത്തിയ ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. അക്രമം നടത്തിയ ജായ്‌ലെന്‍ ഫ്രൈബര്‍ഗ് (14) എന്ന വിദ്യാര്‍ഥി പിന്നീട് സ്വയം വെടിവെച്ച് ജീവനൊടുക്കി.

സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. വാഷിങ്ടണിലെ മേരിസ്വില്ലെപില്‍ചക് ഹൈസ്‌കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കാലത്ത് 10.45ന് ക്യാന്റീനിലെത്തിയ ഫ്രൈബര്‍ഗ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ ആറു തവണ വെടിവെക്കുകയായിരുന്നു.

ഫ്രൈബര്‍ഗിന്റെ സഹപാഠികളായ രണ്ട് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കുമാണ് അക്രമത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ഥികളില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സിയാറ്റിലിലെ ഹാര്‍ബോര്‍വ്യു മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

അച്ഛന്റെ ഉടമസ്ഥതയിലുള്ള 40 കാലിബര്‍ ബെരെറ്റ റിവോള്‍വര്‍ ഉപയോഗിച്ചാണ് ഫ്രൈബര്‍ഗ് നിറയൊഴിച്ചത്. പ്രണയ പരാജയമാണ് വിദ്യാര്‍ത്ഥിയെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികളിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിരിക്കുകയാണ്.

സ്‌കൂളുകളില്‍ നടക്കുന്ന അക്രമങ്ങള്‍ അമേരിക്കയില്‍ തുടര്‍ക്കഥയായിരിക്കുകയാണ്. വാഷിങ്ടണില്‍ ഇത് രണ്ടാം തവണയാണ് ആക്രമണം നടക്കുന്നത്. ഒക്‌ടോബര്‍ മൂന്നിന് ജോര്‍ജിയയിലുണ്ടായ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു.

രണ്ട് വര്‍ഷം മുന്‍പ് കണ്റ്റികട്ടിലെ ഒരു സ്‌കൂളില്‍ ഒരു യുവാവ് നടത്തിയ വെടിവെപ്പില്‍ ഇരുപത് വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടത്. സ്‌കൂളുകളില്‍ ഈ വര്‍ഷം മാത്രം  39 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.