ന്യൂദല്‍ഹി: കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്വതന്ത്ര എം.എല്‍.എമാരുടെ രാജി.

എം.എല്‍.എമാരായ എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് പിന്തുണ പിന്‍വലിച്ചത്. ” മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എല്ലാ അര്‍ത്ഥത്തിലും പരാജയമാണ്. അതിനാലാണ് ഞങ്ങള്‍ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.” ആര്‍ ശങ്കര്‍ പറഞ്ഞു.

Also read:“”നെറികെട്ട രാഷ്ട്രീയം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കളിക്കില്ല, ബി.ജെ.പി ആദ്യം സ്വയം നീതി കാണിക്ക്”” മന്ത്രി ഡി.കെ. ശിവകുമാര്‍

സഖ്യകക്ഷികള്‍ തമ്മില്‍ വലിയ ധാരണയൊന്നുമില്ലാത്തതിനാലാണ് പിന്തുണ പിന്‍വലിച്ചതെന്നാണ് നാഗേഷ് പറയുന്നു. സുസ്ഥിരമായ സര്‍ക്കാറിനുവേണ്ടി ബി.ജെ.പിക്കൊപ്പം പോകാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ 224 അംഗ സഭയില്‍ 80 കോണ്‍ഗ്രസ് എം.എല്‍.എമാരും 37 ജെ.ഡി.എസ് എം.എല്‍.എമാരും ഒരു ബി.എസ്.പി എം.എല്‍.എയും രണ്ട് സ്വതന്ത്രരും ചേര്‍ന്ന് രൂപപ്പെട്ട സഖ്യമാണ് ഭരിക്കുന്നത്. 104 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 14 എം.എല്‍.എമാരുടെ കൂടി പിന്തുണ വേണം.