ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ തന്റെ കോടതിയില്‍ പരിഗണനയിലുണ്ടായിരുന്ന 97 കൊലപാതക കേസുകള്‍ ജില്ലാ ജഡ്ജി പിന്‍വലിച്ചതിനെതിരെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി രവി കുമാര്‍ ദിവാകര്‍.
കേസുകള്‍ പിന്‍വലിക്കാന്‍ സ്വീകരിച്ച നടപടി നിയമപരമായ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും മതിയായ കാരണങ്ങള്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ലെന്നും ജഡ്ജി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സെപ്തംബര്‍ 17ന് പുറപ്പെടുവിച്ച 35 പേജുള്ള വിധിന്യായത്തിലാണ് ജഡ്ജി കേസുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചത്.
ഓഗസ്റ്റ് 18ന് അന്നത്തെ മുസാഫര്‍നഗര്‍ ജില്ലാ ജഡ്ജി ഒന്‍പത് വ്യത്യസ്ത ഉത്തരവുകളിലൂടെ തന്റെ കോടതിയില്‍ പരിഗണനയിലുണ്ടായിരുന്ന 97 കേസുകള്‍ തിരിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു.
ജില്ലാ ജഡ്ജിയുടെ വിരമിക്കലിന് വെറും പതിമൂന്ന് ദിവസം മുമ്പായിരുന്നു ഈ നടപടിയെന്നും കേസുകള്‍ പിന്‍വലിക്കാനുള്ള കാരണം ഉത്തരവുകളില്‍ വ്യക്തമാക്കിയിരുന്നില്ലെന്നും വിധിയില്‍ പറയുന്നു.
ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം വിചാരണ ആരംഭിച്ച് ഭാഗികമായി നടപടികള്‍ പൂര്‍ത്തിയായ കേസുകള്‍ സെഷന്‍സ് ജഡ്ജിക്ക് തിരിച്ചെടുക്കാന്‍ അധികാരമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
തന്റെ കോടതിയില്‍ നിന്ന് തിരിച്ചെടുത്ത 97 കേസുകളും ഇത്തരത്തില്‍ ഭാഗികമായി കേട്ട കേസുകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേസുകള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതും നിലവിലുള്ള കോടതിയില്‍ നിന്ന് തിരിച്ചെടുക്കുന്നതും ഒരേ നടപടിയല്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. നിയമം അനുവദിക്കുന്ന സാഹചര്യങ്ങളില്‍ പോലും ഇത്തരം ഭരണപരമായ തീരുമാനങ്ങള്‍ക്ക് വ്യക്തമായ കാരണങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.
‘ഒരു ജഡ്ജിയുടെ ജോലി നീതി നടപ്പാക്കുക എന്നതാണ്. എന്നാല്‍ അതേ ജഡ്ജിക്ക് തന്നെ അനീതി സംഭവിച്ചാല്‍ അദ്ദേഹം എവിടേക്ക് പോകും?’ നിയമത്തിന് മുകളിലായി ആരും നില്‍ക്കരുതെന്നും അധികാരം ഉത്തരവാദിത്തത്തോടെയും വിവേചനബുദ്ധിയോടെയും ഉപയോഗിക്കണം,’ അദ്ദേഹം പറഞ്ഞു.
അധികാരത്തിന് മേല്‍ നിയന്ത്രണങ്ങള്‍ ഇല്ലാതാകുമ്പോള്‍ അത് ദുരുപയോഗത്തിനും ഉത്തരവാദിത്തമില്ലായ്മയ്ക്കും വഴിവെക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നിരവധി വധശിക്ഷാ വിധികള്‍ പുറപ്പെടുവിച്ച ജഡ്ജിയാണ് രവി കുമാര്‍ ദിവാകര്‍. കഴിഞ്ഞ നാല് മാസത്തിനിടെ 10 കേസുകളിലായി 23 വധശിക്ഷകള്‍ വിധിച്ചതായാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ആറ് മുതല്‍ ജൂലൈ 17 വരെ മാത്രം ഏഴ് കൊലക്കേസുകളിലായി 22 പ്രതികളില്‍ 17 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.
2015ല്‍ രജിസ്റ്റര്‍ ചെയ്ത് 2016ല്‍ കുറ്റപത്രം സമര്‍പ്പിച്ച ഒരു ലഹരിക്കടത്ത് കേസിലും സെപ്റ്റംബര്‍ 17ന് ദിവാകര്‍ വിധി പുറപ്പെടുവിച്ചിരുന്നു.
Content Highlights: Where can one turn if justice is denied to a judge? UP judge terms withdrawal of 97 murder cases illegal.
