മാടായിപ്പാറ: 600 ഏക്കറിലെ ചരിത്ര-പ്രകൃതി വൈവിധ്യം
Travel Diary
മാടായിപ്പാറ: 600 ഏക്കറിലെ ചരിത്ര-പ്രകൃതി വൈവിധ്യം
ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 11:20 pm

കണ്ണൂര്‍ നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായി പഴയങ്ങാടിയിലാണ് മാടായിപ്പാറ സ്ഥിതി ചെയ്യുന്നത്. ഋതുഭേദങ്ങള്‍ക്കനുസരിച്ച്  പല വര്‍ണങ്ങളില്‍ 600 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ജൈവവൈവിധ്യ കലവറ. വിവിധ തരത്തിലുള്ള സസ്യങ്ങളും പക്ഷികളും പൂമ്പാറ്റകളും നിറഞ്ഞ മാടായിപ്പാറയെ കണ്ണൂരിലെ അത്ഭുതം എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

മുന്നൂറിലധികം തരത്തിലുള്ള പൂക്കള്‍ വിരിയാറുള്ള ഇടമാണ് മാടായിപ്പാറ. മാടായിപ്പാറയുടെ പടിഞ്ഞാറ് വശത്ത് ഏഴിമലയാണ്. ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ ഏറെ ആകര്‍ഷകമായ കാഴ്ചയാണ്. പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴ മറ്റൊരു മനോഹര കാഴ്ചയാണ്. തീവ്രമായ മഴക്കാലവും നന്നേ വരണ്ട വേനലും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്.


അല്‍പം ചരിത്രം

പ്രാക്തന കാലം തൊട്ട് നാവികര്‍ക്ക് വഴികാട്ടിയായ ഏഴിമലയ്ക്ക് തൊട്ടു കിഴക്കാണ് മാടായിപ്പാറ. ഒരു കാലത്ത് ഇവിടം മുഴുവന്‍ വെള്ളത്തിനടിയിലായിരുന്നു. ഏഴിമലയ്ക്ക് നാലു ചുറ്റും കടലായിരുന്നു എന്ന് കേരളോല്‍പ്പത്തിയില്‍ പരാമര്‍ശമുണ്ട്. വെള്ളം നീങ്ങി ഉയര്‍ന്നുവന്ന കരഭാഗത്തിന് മാട് എന്ന് പേരുണ്ട്. അങ്ങനെ മാട് ആയ സ്ഥലമാണ് മാടായി എന്ന് പിന്നീട് അറിയപ്പെട്ടത്.

കോലത്തുനാട്ടിലെ രാജാവായ ഉദയവര്‍മന്റെ ആസ്ഥാനമായിരുന്നു ഇവിടം. കോലത്തുരാജാവിന്റെ സദസ്യനായിരുന്ന ചെറുശ്ശേരി ഇവിടെയാണ് ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മാടായി പരിസരത്ത് ചിങ്ങമാസത്തില്‍ കൃഷ്ണപ്പാട്ട് വായന ഇന്നും പതിവുണ്ട്. മാടായിപ്പാറ ഉള്‍പ്പെടുന്ന പ്രദേശം മുമ്പ് പോര്‍ച്ചുഗീസുകാരുടെ അധീനതയിലായിരുന്നു.

മാടായിപ്പാറയുടെ അരികുകളില്‍ ധാരാളം പറങ്കിമാവുകള്‍ ഉണ്ട്. ഇവ നട്ടുപിടപ്പിച്ചത് പോര്‍ച്ചുഗീസുകാരാണെന്ന് പറയപ്പെടുന്നു. മാടായിപ്പാറയിലെ പാളയം മൈതാനത്ത് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് യുദ്ധം നടന്നിരുന്നു. 1765-68 കാലഘട്ടത്തില്‍ ഹൈദരലിയും പട്ടാളവും തമ്പടിച്ചിരുന്ന സ്ഥലമാണ് പാളയം മൈതാനം.


അപൂര്‍വം സസ്യ-ജന്തുജാലങ്ങളുള്ള ഒരു കലവറ തന്നെയാണ് മാടായിപ്പാറ. 38 ഇനം പുല്‍ച്ചെടികളും, 500 ഓളം തരത്തിലുള്ള മറ്റു ചെടികളും ഇവിടെ വളരുന്നു. ഇതില്‍ 24 ഇനം ഔഷധച്ചെടികളാണ്. അപൂര്‍വങ്ങളായ 92 ഇനം ചിത്രശലഭങ്ങളും 175 ഓളം പക്ഷികളും ഈ പ്രദേശത്ത് കാണപ്പെടുന്നു.

ഇവിടെ ഏതു വേനലിലും വറ്റാത്ത കുളങ്ങളുണ്ട്. പാറക്കുളം എന്നാണവ പൊതുവേ അറിയപ്പെടുന്നതു്. അത് പണ്ട് ജൂതര്‍ പണിതതിനാല്‍ ജൂതക്കുളമെന്നും അറിയപ്പെടുന്നു. ഇന്ത്യയില്‍ ആദ്യമായി ജൂത കുടിയേറ്റം നടന്നത് ഇവിടെയാണ്. പാറയുടെ പഴയങ്ങാടി ഭാഗത്തെ ചരിവിലാണ് 12ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പ്രസിദ്ധമായ മാടായിപ്പള്ളിയുള്ളത്.

പാറയുടെ മുകളിലുള്ള മാടായി കോളെജിന്റെ പരിസരത്ത് പഴയ വ്യാപാരശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴ മറ്റൊരു മനോഹര കാഴ്ചയാണ്. മാടായിപ്പാറയുടെ പടിഞ്ഞാറെ ചെരിവില്‍ ഒരു ഭാഗത്ത് വെങ്ങരയും മറുഭാഗത്ത് പഴയങ്ങാടി റെയില്‍വേ സ്റ്റേഷനും വടക്ക് ഭാഗത്ത് അടുത്തിലയും സ്ഥിതിചെയ്യുന്നു