ചെന്നൈ: കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിനെതിരായ മഹാസഖ്യത്തിന് പൂര്‍ണ പിന്തുണയുമായി ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ടി.ഡി.പി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘം എം.കെ. സ്റ്റാലിനുമായി കൂടികാഴ്ച നടത്തിയിരുന്നു.

കൂടികാഴ്ച്ചക്ക് ശേഷമാണ് സ്റ്റാലിന്‍ മഹാസഖ്യത്തെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്. ബി.ജെ.പിക്ക് എതിരായ മഹാസഖ്യത്തിന് നേതൃത്വം കൊടുക്കാന്‍ നേതാവ് അല്ല നേതാക്കള്‍ ആണ് വേണ്ടതെന്ന് സ്റ്റാലിന്‍ പറഞ്ഞു.


ദല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ദേശീയ വിരുദ്ധവും മതേതര വിരുദ്ധവുമായ ബി.ജെ.പി ഭരണത്തെ താഴെയിറക്കാന്‍ ചന്ദ്രബാബു നായിഡുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം, എച്ച്.ഡി ദേവഗദൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എന്നിവരടങ്ങുന്ന പ്രതിപക്ഷ സംഘവുമായി നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.

2019ലെ തെരഞ്ഞെടുപ്പ് 1996ന്റെ ആവര്‍ത്തനമായിരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞിരുന്നു. നായിഡുവും ദേവഗൗഡയും പഴയ സുഹൃത്തുക്കളാണ്. അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റില്ലെന്നും കുമാരസ്വാമി പറഞ്ഞു. 2019തില്‍ ഇന്ത്യ രാഷ്ട്രീയ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.

ബെംഗളൂരുവിലെ പത്മനാഭനഗറിലുള്ള ദേവഗൗഡയുടെ വസതിയില്‍ നടന്ന അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍, മതനിരപേക്ഷ മുന്നണിയുെട രൂപീകരണമാണ് പ്രധാനമായും ചര്‍ച്ചയായിരുന്നത്. മോദി സര്‍ക്കാര്‍ രാജ്യത്ത് പ്രശ്നങ്ങളല്ലാതെ മറ്റൊന്നും സൃഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞ ദേവഗൗഡ, ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചിരുന്നു.


ബി.ജെ.പിക്കെതിരായ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എതിര്‍പ്പുകള്‍ മാറ്റിവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചന്ദ്രബാബു നായിഡു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ തെലുങ്കുദേശം പാര്‍ട്ടിയും കോണ്‍ഗ്രസും ഇതിനുശേഷം തീരുമാനിച്ചിരുന്നു.