ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടന്ന കഴിഞ്ഞ 15 ദിവസവും സഭയില്‍ ഹാജരാവാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് (ഓഗസ്റ്റ് 10, തിങ്കള്‍) വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കോപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ മോദിക്കും അമിത്തിനുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
ദല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതില്‍ അമിത് ഷാ മറുപടി പറയണമെന്ന ആവശ്യം രാഹുല്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലും ആവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും രാഹുല്‍ വ്യക്തമാക്കി. അയോധ്യ ക്ഷേത്രക്കൊള്ള പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ മുന്നോട്ടുവച്ചു.
ജൂലൈ 20ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെയുണ്ടായ പൊലീസ് നടപടികളെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും അമിത് ഷാ മറുപടി തരുമെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ഇന്ന് പറഞ്ഞിരുന്നു. എന്നാല്‍ അമിത് ഷാ എന്തെങ്കിലും പൊതു കാര്യങ്ങളെക്കുറിച്ച് പറഞ്ഞാല്‍ പോരെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തിന് ഉത്തരവിട്ടത് ആരാണെന്ന് വ്യക്തമാക്കുകയാണ് വേണ്ടതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
അമിത് ഷാ ഇപ്പോള്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം എന്തെങ്കിലും പറയുന്നത് കേള്‍ക്കാന്‍ താല്‍പര്യമില്ല. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ അയാള്‍ അനുമതി നല്‍കിയോ ഇല്ലയോ എന്നാണ് അറിയേണ്ടത്. അത് അയാള്‍ വ്യക്തമായി പറയണം. അതിന് ശേഷം മാത്രമാണ് മറ്റേതെങ്കിലും വിഷയം ഉയര്‍ന്ന് വരുന്നുള്ളൂ. പ്രതിപക്ഷം 15 ദിവസമായി ആവശ്യപ്പെടുന്നത് അതാണ്. ഞങ്ങള്‍ ഇപ്പോഴും അത് ആവശ്യപ്പെടുന്നു,’രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘വെടിവയ്പ്പിന് ഉത്തരവിട്ടത് ആരാണെന്ന് ഞങ്ങള്‍ക്ക് അറിയണം. അമിത് ഷാ അതില്‍ കുറ്റക്കാരനാണോ അതോ കഴിവില്ലാത്തയാളാണോ എന്ന് ഞങ്ങള്‍ക്ക് അറിയണം… അദ്ദേഹത്തിന് നമ്മുടെ മുന്നില്‍ നില്‍ക്കാന്‍ ധൈര്യമില്ല. പ്രധാനമന്ത്രിക്കും താല്‍പ്പര്യമില്ല,’ രാഹുല്‍ പറഞ്ഞു.
ആരാണ് ദല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച് വെടിവെക്കാന്‍ അനുമതി നല്‍കിയത് എന്നതാണ് ചോദ്യം. ദല്‍ഹിയില്‍ പ്രതിഷേധക്കാരായി വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുണ്ടായ അതിക്രമങ്ങള്‍ മറുപടി പറയേണ്ട കാര്യമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കരുതുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
പെല്ലറ്റ് ഗണ്‍ ആക്രമണത്തിന് ഉത്തരവിട്ടത് ആരാണെന്ന് വ്യക്തമാക്കണമെന്നതാണ് തങ്ങളുടെ പ്രധാന ആവശ്യമെങ്ങളെന്ന് വ്യക്തമാക്കിയ രാഹുല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണങ്ങളില്‍ മോദി മാപ്പ് പറയണമെന്നത് രണ്ടാമത്തെ ആവശ്യമായും ഉന്നയിച്ചു. അയോധ്യ രാമക്ഷേത്രത്തിലെ കൊള്ളയെക്കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നത് മൂന്നാമത്തെ ആവശ്യമായും ചൂണ്ടിക്കാട്ടി.
‘വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തിന് ആരാണ് ഉത്തരവാദി എന്ന് ഞങ്ങള്‍ക്ക് അറിയണം. രണ്ടാമതായി അവിടെ സംഭവിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണം. മൂന്നാമതായി രാമക്ഷേത്ര കൊള്ള വിഷയം,’ രാഹുല്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ കഴിഞ്ഞ 15 ദിവസവും മോദിയും അമിത്തും വരാത്തത് അവര്‍ക്ക് ധൈര്യമില്ലാത്തത് കൊണ്ടാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ‘പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സ്വഭാവത്തെക്കുറിച്ചാണ് പറയാനുള്ളത്. 15 ദിവസമായിട്ട് ആ രണ്ട് പേരില്‍ ഒരാള്‍ക്കും പാര്‍ലമെന്റില്‍ വരാനുള്ള ധൈര്യമുണ്ടായിട്ടില്ല. അവര്‍ രണ്ടുപേര്‍ക്കും അവരുടെ ചെയ്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ധൈര്യമില്ല,’ രാഹുല്‍ പറഞ്ഞു.
ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെരായ പൊലീസ് അതിക്രമത്തെക്കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ സംസാരിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഏത് അക്രമത്തെയും ഞങ്ങള്‍ അപലപിക്കുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.
‘ഝാര്‍ഖണ്ഡ് വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്റെ സന്ദേശം വ്യക്തമാണ്. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഏത് അക്രമത്തെയും ഞങ്ങള്‍ അപലപിക്കുന്നു. അത് എവിടെ സംഭവിച്ചാലും അങ്ങനെയാണ്. ഞങ്ങള്‍ക്ക് ഒരു ആശയക്കുഴപ്പവുമില്ല. സമാധാനപരമായി നടക്കുന്ന ഏതൊരു പ്രതിഷേധത്തിനും എതിരായ അക്രമത്തിന് ഞങ്ങള്‍ എതിരാണ്,’ രാഹുല്‍ പറഞ്ഞു.
Content Highlight: Who ordered firing on students? Don’t want Amit Shah’s fantasy conversation: Rahul Gandhi