പ്രതീക്ഷ നല്‍കി വിസ്മയയുടെ തുടക്കം; ട്രെയ്‌ലര്‍ തൂക്കി ലാലേട്ടന്‍
Malayalam Cinema
പ്രതീക്ഷ നല്‍കി വിസ്മയയുടെ തുടക്കം; ട്രെയ്‌ലര്‍ തൂക്കി ലാലേട്ടന്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 3rd August 2026, 9:33 pm

മലയാളത്തില്‍ നിന്നും അടുത്തതായി വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം. 2023ല്‍ പുറത്തിറങ്ങിയ 2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാല്‍ തന്നെ ചിത്രത്തിനായി വലിയ ഒരു വിഭാഗം പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. അതേസമയം തുടക്കത്തിന്റെ മറ്റൊരു പ്രത്യേകതയെന്തെന്നാല്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്നതാണ്.

തുടക്കം. Photo: Screen Grab/ Aashirvadh Cinemas/ Youtube.com

മോഹന്‍ലാലും കാമിയോ റോളിലെത്തുന്ന ചിത്രത്തിന്റെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ട്രെയ്‌ലറാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നിര്‍മാതാക്കളായ ആശിര്‍വാദ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്. ട്രെയ്‌ലര്‍ പുറത്തുവിട്ട് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഫീല്‍ഗുഡ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നതെങ്കിലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ട്രെയ്‌ലര്‍ വയലന്‍സ് മോഡിലേക്ക് മാറുന്നുണ്ട്. ആക്ഷന് പ്രാധാന്യം നല്‍കി കൊണണ്ടാണ് ചിത്രത്തിന്റെ രണ്ടാം പകുതി ഒരുക്കിയിരിക്കുന്നതെന്ന സൂചനകള്‍ നല്‍കുന്നുണ്ട്.

വിസമയയുടെ ആക്ഷന്‍ രംഗങ്ങളൊന്നും തന്നെ ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും പ്രേക്ഷകരെ ആവേശം കൊള്ളിച്ചത് ട്രെയിലറിലെ മോഹന്‍ലാലിന്റെ പ്രെസന്‍സാണ്. ട്രെയിലറിലെ അവസാന ഭാഗത്ത് സെക്കന്‍ഡ് നേരത്തേക്ക് താരത്തെ കാണിക്കുന്ന കട്ടിനാണ് കമന്റ് ബോക്‌സിലെ കൈയടികളില്‍ ഭൂരിഭാഗവും. താരത്തിന്റെ വലിയ ആരാധകനായ ജൂഡിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ റോളിലെത്തുമ്പോള്‍ തിയേറ്റര്‍ കുലുങ്ങുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

തുടക്കം. Photo: Screen Grab/ Aashirvadh Cinemas/ Youtube.com

വിസ്മയക്കൊപ്പം നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആഷിഷ് ജോ ആന്റണിയും ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സായി കുമാര്‍, ചിപ്പി രഞ്ജിത്ത്, ബോബി കുര്യന്‍, മനോജ് കെ.ജയന്‍, ഗണേശ് കുമാര്‍, കോട്ടയം രമേശ്, ജയ കുറുപ്പ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ആഗസ്റ്റ് ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Content Highlight: Trailer of Mohanlal and Vimsaya Mohanlal starring Thudakkam Movie out

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.