2018 സിനിമ ഹിറ്റായത് കൊണ്ട് നമുക്ക് പുതിയ വഴി തുറന്നു കിട്ടിയെന്നും കര്‍ണാടകയിലോ തമിഴ്നാട്ടിലോ തെലുങ്കാനയിലോ ആന്ധ്രയിലോ ഒരു സിനിമ കൊണ്ടുപോയി റിലീസ് ചെയ്യാനുള്ള ധൈര്യം കൂടിയെന്നും നടന്‍ ടൊവിനോ തോമസ്.

അവിടെ മലയാള സിനിമകള്‍ സ്വീകരിക്കാന്‍ ആളുകളുണ്ടെന്നും അത് ഓരോ വലിയ സിനിമകള്‍ വരുമ്പോള്‍ നേടിയെടുക്കുന്നതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.

‘വലിയ സിനിമകള്‍ വരുമ്പോഴാണ് മലയാളം സിനിമാ ഇന്‍ഡസ്ട്രി വലുതാകുന്നത്. വലിയ ബജറ്റില്‍ വലിയ സിനിമയെടുത്ത് ഒരു ഓളമുണ്ടാക്കി കഴിഞ്ഞാല്‍ നമ്മുടെ മൊത്തം ഇന്‍ഡസ്ട്രിയിലെ സാധാരണ സിനിമകളുടെ ബജറ്റും കൂടും.

റെവന്യു അനുസരിച്ചല്ലേ ആളുകള്‍ കൂടുതല്‍ പണം ചെലവഴിക്കുക. കണ്ടന്റ് ഓറിയന്റഡ് സിനിമക്ക് പൈസ മുടക്കാന്‍ മടിച്ചു നില്‍ക്കുന്ന ആളുകള്‍ ഒരു കൊമേഷ്യല്‍ സിനിമ കയറി ഹിറ്റാകുമ്പോള്‍, മുമ്പ് ഉള്ളതിനേക്കാള്‍ സാധ്യതകള്‍ ഇവിടെ വര്‍ധിച്ചെന്ന് മനസിലാക്കും. അവര്‍ കണ്ടന്റ് ഓറിയന്റഡ് സിനിമകള്‍ ചെയ്യാന്‍ മുന്നോട്ട് വരും.

ഓരോ ഇന്‍ഡസ്ട്രിയും പതിയെ മാത്രമേ വളരുകയുള്ളൂ. ഓരോ സമയവും വലിയ ഹിറ്റ് സിനിമകള്‍ ഉണ്ടാകുമ്പോള്‍ പുതിയ വാതിലുകള്‍ തുറന്നു കിട്ടും. ഇപ്പോള്‍ 2018 പോലെയുള്ള ഒരു സിനിമ നോക്കുമ്പോള്‍, ആ സിനിമ ഹിറ്റായത് കൊണ്ട് നമുക്ക് പുതിയ ചാനല്‍ തുറന്നു കിട്ടും.

കര്‍ണാടകയിലോ തമിഴ്നാട്ടിലോ തെലുങ്കാനയിലോ ആന്ധ്രയിലോ കൊണ്ടുപോയി റിലീസ് ചെയ്യാനുള്ള ധൈര്യം കൂടി. കാരണം അവിടെ ആ സിനിമകള്‍ സ്വീകരിക്കാന്‍ ആളുകളുണ്ട്. അത് ഓരോ വലിയ സിനിമകള്‍ വരുമ്പോള്‍ അച്ചീവ് ചെയ്തെടുക്കുന്നതാണ്,’ ടൊവിനോ തോമസ് പറയുന്നു.

ടൊവിനോ തോമസ് പൊലീസ് കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോയുടെ അച്ഛനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളും നിഗൂഢതകളുമൊക്കെയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു ഇമോഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയേറ്ററുകളിലെത്തുന്നത്.

Content Highlight: Tovino Thomas Talks About 2018 Movie