[]ന്യൂദല്‍ഹി: വിവിധ പാര്‍ട്ടികളുടേതായി പതിനൊന്ന് എം.പിമാര്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ്, ബി.ജെ.പി, ജെ.ഡി.യു, ബി.എസ്.പി, എ.ഐ.എ.ഡി.എം.കെ എം.പിമാര്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് കോബ്ര പോസ്റ്റ് ആണ്.

ബി.ജെ.പിയുടെ മൂന്നും ജെ.ഡി.യുവിന്റെ മൂന്നും ബി.എസ്.പിയുടെ ഒന്നും കോണ്‍ഗ്രസിന്റേയും എ.ഐ.ഡി.എം.കെയുടേയും രണ്ട് വീതവും എം.പിമാരാണ് കൈക്കൂലി കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

വ്യാജ വിദേശ കമ്പനിക്ക് ഇന്ത്യയില്‍ എണ്ണപര്യവേക്ഷണം നടത്താന്‍ ശുപാര്‍ശക്കത്തെഴുതാനും പാര്‍ലമെന്റില്‍ വാദിക്കാനുമാണ് ഇവര്‍ കൈക്കൂലി വാങ്ങിയിരിക്കുന്നത്.

കമ്പനിയെ കുറിച്ച് വിശദാംശങ്ങള്‍ പോലും ചോദിക്കാതെയാണ് അര ലക്ഷം മുതല്‍ 50 ലക്ഷം വരെ ഇവര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

ഒരു വര്‍ഷത്തോളമായി നടത്തി വന്ന സ്റ്റിങ് ഓപ്പറേഷന്റെ വിശദാംശങ്ങള്‍ ഇന്നലെയാണ് കോബ്ര പോസ്റ്റ് പുറത്ത് വിട്ടത്.

ഓസ്‌ട്രേലിയ ആസ്ഥാനമായ മെഡിറ്ററേനിയന്‍ ഓയില്‍ ഇങ്ക് എന്ന കമ്പനിയുടെ പേരില്‍ പെട്രോളിയം മന്ത്രിക്ക് ശുപാര്‍ശക്കത്ത് അയക്കണമെന്നാവശ്യപ്പെട്ടായിരുന്നു എം.പിമാരെ സമീപിച്ചത്.

എം.പിമാരില്‍ ചിലര്‍ നേരിട്ടും പേഴ്‌സനല്‍ സ്റ്റാഫുകള്‍ മുഖേനയും ചിലര്‍ ഏജന്റുമാര്‍ മുഖേനയുമാണ് പണമിടുപാടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്.

കോണ്‍ഗ്രസിന്റെ കിലാഡി ലാല്‍ ഭൈരവ, വിക്രം ഭായി അര്‍ജന്‍ ഭായി, ബി.ജെ.പി.യുടെ ലാലുഭായ് പട്ടേല്‍, രവീന്ദ്രകുമാര്‍ പാണ്ഡെ, ഹരി മാഞ്ചി, എ.ഐ.എ.ഡി.എം.കെ. യുടെ പി. സുകുമാര്‍, സി. രാജേന്ദ്രന്‍, ജെ.ഡി.യുവിന്റെ വിശ്വമോഹന്‍ കുമാര്‍, മഹേശ്വര്‍ ഹസാരി, ഭൂദേവ് ചൗധരി, ബി.എസ്.പി. യുടെ കൈസര്‍ ജഹാന്‍ എന്നിവരാണ് കേസില്‍  കുടുങ്ങിയത്‌