എല്ലാവരുടെയും ജീവനും സുരക്ഷയ്ക്കുമാണ് സര്‍ക്കാര്‍ പരമപ്രധാനമായ പരിഗണന നല്‍കുന്നത്; സുരക്ഷിതരായിരിക്കൂ: ചെന്നിത്തല
Kerala
എല്ലാവരുടെയും ജീവനും സുരക്ഷയ്ക്കുമാണ് സര്‍ക്കാര്‍ പരമപ്രധാനമായ പരിഗണന നല്‍കുന്നത്; സുരക്ഷിതരായിരിക്കൂ: ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd August 2026, 10:14 am

തിരുവനന്തപുരം: മഴക്കെടുതിയുടെ സാഹചര്യത്തില്‍, എല്ലാവരുടെയും ജീവനും സുരക്ഷയ്ക്കുമാണ് സര്‍ക്കാര്‍ പരമപ്രധാനമായ പരിഗണന നല്‍കുന്നതെന്നും ഇതിനായി, കേരള പൊലീസ്, ഫയര്‍ ഫോഴ്‌സ്, ദുരന്തനിവാരണ സേനകള്‍, പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം രാപ്പകല്‍ ഭേദമില്ലാതെ കര്‍മ്മരംഗത്തുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ കഴിയുന്നവര്‍ അധികൃതര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാന്‍ ശ്രദ്ധിക്കണമെന്നും കരകവിഞ്ഞൊഴുകുന്ന പുഴകള്‍ക്കും ജലാശയങ്ങള്‍ക്കും സമീപം പോകാതിരിക്കുകയും, മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങളുടെ അയല്‍പക്കത്തുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, രോഗികള്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കി പരസ്പരം താങ്ങാവുക. വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകാതെ ദുരന്തനിവാരണ അതോറിറ്റിയുടെയും പൊലീസിന്റെയും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കുക. അടിയന്തര സഹായത്തിന് പൊലീസ് (112), ഫയര്‍ ഫോഴ്‌സ് (101) എന്നിവരെ ബന്ധപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു.

അസാധാരണമായ രീതിയില്‍ സംഭവിക്കുന്ന ഉരുള്‍പൊട്ടല്‍ വലിയ രീതിയിലുള്ള അപകട ഭീഷണി ഉണ്ടാക്കുകയാണ്. എല്ലാവരും ജാഗ്രതപാലിക്കേണ്ട സമയമാണ്. മേഘവിസ്‌ഫോടനം കേരളത്തിന്റെ മലയോര മേഖലയില്‍ വലിയ രീതിയിലുള്ള പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.

ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ധാരണയുള്ള പ്രദേശങ്ങളില്‍ നേരത്തെ തന്നെ മാറിത്താമസിക്കേണ്ടതുണ്ട്. ഈ പ്രകൃതി ദുരന്തത്തെ നമുക്ക് ഒന്നിച്ച് നേരിടാം. കേരള പൊലീസും ഫയര്‍ഫോഴ്‌സും നിങ്ങളെ രക്ഷിക്കാന്‍ ഏത് നേരത്തും സജ്ജമാണ്.

ഹരിപ്പാട് പ്രളയ ദുരിതവുമായി ബന്ധപ്പെട്ട് പ്രത്യേക അവലോകന യോഗം ചേര്‍ന്നെന്നും. ജില്ലാ – ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, തഹസില്‍ദാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ക്കൊപ്പം സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും അദ്ദേഹം അറിയിച്ചു.

കടല്‍ക്ഷോഭം മൂലം വീടുകള്‍ക്കുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ അടിയന്തരമായി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഗതാഗത തടസം നേരിടുന്ന റോഡുകള്‍ പുനസ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തോട്ടപ്പള്ളി സ്പില്‍വേയുടെ 39 ഷട്ടറുകളും തുറന്നിട്ടുണ്ട്. അപ്പര്‍ കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട് എന്നുള്ള റിപ്പോര്‍ട്ടുകള്‍ ആശ്വാസകരമാണെന്നും ആരും പരിഭ്രമിക്കേണ്ടതില്ലെന്നും ജാഗ്രത തുടരണെന്നും മന്ത്രി പറഞ്ഞു.

Content Highlight: The government gives top priority to everyone’s life and safety; stay safe: Chennithala