തിരുവനന്തപുരം: തന്റെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അമേരിക്കന്‍ യാത്രയ്ക്ക് സര്‍ക്കാര്‍ പണം ചെലവഴിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘാടകരാണ് യാത്രാ ചെലവുകള്‍ വഹിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ചെന്നിത്തലയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജനം പവര്‍കട്ടില്‍ വലയുമ്പോള്‍ ആഭ്യന്തര മന്ത്രിയും നേതാക്കളും അമേരിക്കയില്‍ എന്നായിരുന്നു വിമര്‍ശം.
ഇതിന് പിന്നാലെയാണ് യാത്രയുടെ ഉദ്ദേശ്യവും ചെലവും സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രി രംഗത്തെത്തിയത്.
ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയില്‍ ഉണ്ടായിരുന്ന ഫെലിക്സ് സൈമണിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് താനും കുടുംബവും അമേരിക്കയിലെത്തിയതെന്ന് ചെന്നിത്തല വീഡിയോയില്‍ പറഞ്ഞു. ഫെലിക്സ് സൈമണുമായി മൂന്നര പതിറ്റാണ്ടോളമായി തനിക്ക് ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിലെ വിവിധ മലയാളി സംഘടനകള്‍ സംഘടിപ്പിച്ച പരിപാടികളിലും താന്‍ പങ്കെടുത്തതായി ചെന്നിത്തല പറഞ്ഞു. ഓണാഘോഷ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി ഉള്‍പ്പെടെയുള്ളവരും തന്റെ സന്ദര്‍ശനത്തിനിടെ ഒപ്പമുണ്ടായിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.
അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത് വീഡിയോയുടെ അവസാന ഭാഗത്താണ്. ‘പിന്നെ, സര്‍ക്കാര്‍ ചെലവിലല്ല ഈ അമേരിക്കന്‍ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ’ എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
വിവാഹത്തില്‍ പങ്കെടുക്കാനായി മന്ത്രിയായ മോന്‍സ് ജോസഫ്, ജോസ് കെ മാണി എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, മുന്‍മന്ത്രി പന്തളം സുധാകരന്‍ എന്നിവരും അമേരിക്കയിലെത്തിയിട്ടുണ്ട്. പരിപാടികള്‍ക്കു ശേഷം രമേശ് ചെന്നിത്തല ഇന്ന് തിരികെ എത്തും.
Content Highlight: Not at the government’s expense Ramesh Chennithala on American Visit
