കോഴിക്കോട്: സി.പി.ഐ.എമ്മാണ് ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയെന്ന് മുസ്‌ലിം ലീഗ് നേതാവും എം.എല്‍.എയുമായ എം.കെ. മുനീര്‍. പാല ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി വാ തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാമ്പസുകളില്‍ തീവ്രവാദം വളര്‍ത്തുന്നുണ്ടെന്നാണ് സി.പി.ഐ.എം പറയുന്നതെന്നും ഏതു കാമ്പസിലാണ് തീവ്രവാദം വളര്‍ത്തുന്നതെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പറയണമെന്നും മുനീര്‍ പ്രതികരിച്ചു.

ഇത്തരത്തില്‍ ഒന്ന് കേരളത്തില്‍ ഉണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ ലീഗ് ഉണ്ടാവുമെന്നും മുനീര്‍ പറഞ്ഞു. കേരളത്തില്‍ പ്ലസ് വണ്‍ ബാച്ച് പുതുതായി അനുവദിക്കാത്തത് വിദ്യാര്‍ത്ഥികളെ രണ്ടു തട്ടിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ വിദ്യാലയങ്ങളില്‍ ഉണ്ടായിട്ടും കൂടുതല്‍ ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും എം.കെ. മുനീര്‍ പറഞ്ഞു.

നേരത്തെയും സമാനമായ വിമര്‍ശനവുമായി എം.കെ. മുനീര്‍ രംഗത്ത് എത്തിയിരുന്നു. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയില്‍ സി.പി.ഐ.എം സ്വീകരിച്ച നിലപാട് വിഷലിപ്തമാണെന്നും മന്ത്രി വി എന്‍. വാസവന്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മുനീര്‍ പറഞ്ഞിരുന്നു.

സി.പി.ഐ.എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്റേത് വര്‍ഗീയത വളര്‍ത്തുന്ന നിലപാടാണെന്നും എം.കെ. മുനീര്‍ പറഞ്ഞിരുന്നു.