ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് നടപടികള്‍ മനപ്പൂര്‍വം തടസ്സപ്പെടുത്തുകയാണെന്നും ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ ഫണ്ട് വിഹിതത്തില്‍ അവഗണിക്കുന്നുവെന്നും വി.സി.കെ മേധാവി തോള്‍ തിരുമാവളവന്‍.
പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഭരണകക്ഷിക്ക് താത്പര്യമില്ലെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ മാത്രമാണ് അവര്‍ ശ്രമിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പോലും സംസാരിക്കാന്‍ അനുവദിക്കാത്ത ധിക്കാരപരമായ നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘പാര്‍ലെമന്റ് സമ്മേളനങ്ങളില്‍ അവര്‍ ധിക്കാരപൂര്‍വം പെരുമാറുകയാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പോലും സംസാരിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല.
സഭയിലെ ചര്‍ച്ചകളില്‍ പുസ്തകങ്ങളില്‍ നിന്നോ ജേണലുകളില്‍ നിന്നോ ഉള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സാധാരണ രീതിയാണ്. എന്നാല്‍ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തെ ഉദ്ധരിക്കുന്നു എന്ന വ്യാജേന അവര്‍ അദ്ദേഹത്തെ തടയുകയാണ്.
കഴിഞ്ഞയാഴ്ച മുഴുവന്‍ പാര്‍ലമെന്റ് നടപടികള്‍ പൂര്‍ണമായും തടസ്സപ്പെടുത്തി, ഈ ആഴ്ചയും സമാനമായ ഒരു പ്രവണതയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ തോള്‍ തിരുമാവളവന്‍ പറഞ്ഞു.
ഫണ്ട് വിതരണത്തിലെ വിവേചനവും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട് ഉള്‍പ്പെടെയുള്ള ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘എന്തുകൊണ്ടാണ് തമിഴ്‌നാടിനോട് ഈ പക്ഷാപാതം? ഞങ്ങളോട് മാത്രമല്ല, കേരളം, ബംഗാള്‍, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളോടും കേന്ദ്രം പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നത്,’ വി.സി.കെ മേധാവി പറഞ്ഞു.
തമിഴ്നാടിന് അനുവദിച്ച ഫണ്ടുകള്‍ പോലും കേന്ദ്രം വിട്ടുനല്‍കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ വലിയ തുക കുടിശ്ശികയുണ്ടെന്നും, ഇതിനെതിരെ പാര്‍ലമെന്റില്‍ തമിഴ്നാട് എം.പിമാര്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടില്‍ ഡി.എം.കെയുമായുള്ള സഖ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ഇരുകക്ഷികളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ പൂര്‍ണമായും തള്ളിയ അദ്ദേഹം ഇത്തരം വ്യാജ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ ഗൗരവകരമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Content highlight: The Center has a vindictive attitude towards non BJP states including Tamil Nadu and Kerala: Thol Thirumavalavan