പിന്നാക്ക, ദളിത് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുക ലക്ഷ്യം; യു.പിയില്‍ 26000 സ്‌കൂളുകള്‍ അടച്ച് പൂട്ടിയതായി അഖിലേഷ് യാദവ്
India
പിന്നാക്ക, ദളിത് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുക ലക്ഷ്യം; യു.പിയില്‍ 26000 സ്‌കൂളുകള്‍ അടച്ച് പൂട്ടിയതായി അഖിലേഷ് യാദവ്
നിഷാന. വി.വി
Monday, 3rd August 2026, 8:29 am

ലഖ്‌നൗ: ബി.ജെ.പി സര്‍ക്കാര്‍ 2017ല്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉത്തര്‍പ്രദേശില്‍ 26000ത്തിലധികം സ്‌കൂളുകള്‍ അടച്ച് പൂട്ടിയതായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനാണ് ഈ നടപടിയെന്നും അഖിലേഷ് യാദവ് പറഞ്ഞു.

പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ന് ആരംഭിക്കുന്ന നിയമസഭാ വര്‍ഷകാല സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിദ്യാഭ്യാസം, ചോദ്യപേപ്പര്‍ ചോര്‍ച്ച, ക്രമസമാധാനം, അഴിമതി എന്നീ വിഷയങ്ങളില്‍ പാര്‍ട്ടി എം.എല്‍.എമാര്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017 മാര്‍ച്ച് വരെ ഉത്തര്‍പ്രദേശത്ത് 1,13,938 സര്‍ക്കാര്‍ പ്രാഥമിക സ്‌കൂളുകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 26000ത്തോളം സ്‌കൂളുകള്‍ അടച്ച് പൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

‘ഏറ്റവും കൂടുതല്‍ അടച്ചുപൂട്ടല്‍ നടപടികള്‍ ലഖിംപൂര്‍ ഖേരിയിലാണ് നടന്നത്, അവിടെ 758 സ്‌കൂളുകള്‍ അടച്ചുപൂട്ടി, തൊട്ടുപിന്നാലെ സീതാപൂരില്‍ 650 ഉം പ്രയാഗ്രാജില്‍ 638 ഉം സ്‌കൂളുകള്‍ അടച്ചുപൂട്ടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം ജില്ലയായ ഗോരഖ്പൂരില്‍ ഏകദേശം 500 പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടി,’ അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മറ്റ് പിന്നോക്ക വിഭാഗങ്ങളിലും പട്ടികജാതി വിഭാഗത്തിലും പെട്ടവരാണെന്നും പി.ഡി.എ സമുദായങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

സ്‌കൂളുകളിലെ പ്രവേശനം 2017 ല്‍ 1.17 കോടിയായിരുന്നുവെങ്കില്‍ 2026 ല്‍ ഏകദേശം 89 ലക്ഷമായി കുറഞ്ഞുവെന്നും ഈ 89 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 25 ലക്ഷത്തോളം പേര്‍ ഒ.ബി.സി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017ല്‍ ഈ സ്‌കൂളുകളിലെ അധ്യാപകരുടെ എണ്ണം ഏകദേശം 4 ലക്ഷത്തില്‍ നിന്ന് നിലവില്‍ 3.40 ലക്ഷമായി കുറഞ്ഞുവെന്നും, ഏകദേശം 81,000 അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം നിയമനത്തിന് ബജറ്റ് വിഹിതവും സംവരണ നയങ്ങളും നടപ്പിലാക്കേണ്ടിവരുമെന്നതിനാല്‍, സ്ഥിരം സര്‍ക്കാര്‍ ജോലികള്‍ നല്‍കാന്‍ ആഗ്രഹിക്കാത്തതിനാലാണ് സര്‍ക്കാര്‍ അധ്യാപക തസ്തികകള്‍ കുറയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടിയത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചുവെന്നും, ഈ സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം 2017 മാര്‍ച്ചില്‍ 61.57 ലക്ഷത്തില്‍ നിന്ന് ഇപ്പോള്‍ 45 ലക്ഷമായി കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയിരക്കണക്കിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഏകദേശം 7,000 സ്‌കൂളുകളില്‍ വൈദ്യുതിയില്ല, ഏകദേശം 2,300 സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ടോയ്ലറ്റുകളില്ല, 576 സ്‌കൂളുകളില്‍ കുടിവെള്ള സൗകര്യമില്ല, ഏകദേശം 23,000 സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍, കുട്ടികളുടെ എണ്ണം കുറയല്‍, അധ്യാപക ഒഴിവുകള്‍, പ്രൈമറി സ്‌കൂളുകളിലെ മോശം സൗകര്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് തന്റെ പാര്‍ട്ടി നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: The aim is to deny education to children from backward communities and Dalit backgrounds; Akhilesh Yadav says 26,000 schools have been shut down in UP.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.