എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിസഭാ പുനസംഘടന: തീരുമാനം രണ്ട് ദിവസത്തിനകമെന്ന് തങ്കച്ചന്‍
എഡിറ്റര്‍
Wednesday 5th June 2013 10:53am

thankachan..

തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍.

കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ തീരുമാനമുണ്ടാകും. ഇക്കാര്യത്തില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല. ആവശ്യമെങ്കില്‍ ചര്‍ച്ച നടത്തുമെന്നും തങ്കച്ചന്‍ പറഞ്ഞു.

Ads By Google

മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി തങ്കച്ചന്‍ രാവിലെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.

വിഷയത്തില്‍ മുഖ്യമന്ത്രിയും ചെന്നിത്തലയും ഇന്ന് കൂടിക്കാഴ്ച നടത്തും. നിയമസഭാ സമ്മേളനത്തിന് മുന്‍പ് രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തുന്ന കാര്യം കാത്തിരുന്ന് കാണാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

ഇന്നലെ വൈകിട്ട് ഉമ്മന്‍ ചാണ്ടിയും പി.പി. തങ്കച്ചനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പി.പി. തങ്കച്ചനെ ബോധിപ്പിച്ചു.

തര്‍ക്കങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചെങ്കിലും എ. ഐ ഗ്രൂപ്പുകള്‍ അവരവരുടെ ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്.

മുഖ്യമന്ത്രി ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ രമേശിന്റെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനുള്ള സാധ്യത മങ്ങിയതോടെ ആഭ്യന്തര വകുപ്പെന്ന ആവശ്യം ശക്തമാക്കാനാണ് ഐ ഗ്രൂപ്പ് തീരുമാനം.

Advertisement