2024 ടി-20 ലോകകപ്പിലെ 25ാം മത്സരത്തിനാണ് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാകുന്നത്. ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ രണ്ടാമതുള്ള യു.എസ്.എയെ നേരിടുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയച്ചു. നായകന്‍ മോനാങ്ക് പട്ടേലിന്റെ അഭാവത്തില്‍ ആരോണ്‍ ജോണ്‍സാണ് യു.എസ്.എയെ നയിക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി. 23 പന്തില്‍ 27 റണ്‍സ് നേടിയ നിതീഷ് കുമാറും 30 പന്തില്‍ 24 റണ്‍സടിച്ച സ്റ്റീവന്‍ ടെയ്‌ലറുമാണ് യു.എസ്.എയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ രണ്ടും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോഹ്‌ലി പുറത്തായി. ഗോള്‍ഡന്‍ ഡക്കായാണ് വിരാട് മടങ്ങിയത്.