വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന, ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഏകദിന പരമ്പരയെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.

ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഏകദിന സ്‌ക്വാഡില്‍ പരിചയസമ്പന്നരായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും ഭാഗമാണ്. മൂവരും അടുത്ത ലോകകപ്പിനുണ്ടാകുമോ എന്ന ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തിലാണ് ഇവര്‍ സ്‌ക്വാഡിന്റെ ഭാഗമാകുന്നത് എന്നതും ശ്രദ്ധേയമാണ്.

Photo: Shebas/x.com

സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാടും രോഹിത്തും ജഡ്ഡുവും ഒന്നിച്ച് കളത്തിലിറങ്ങിയാല്‍ ഒരു ചരിത്ര നേട്ടവും പിറവിയെടുക്കും.

ഇന്ത്യയ്ക്കായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒന്നിച്ചിറങ്ങിയ മൂവര്‍ സംഘങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ ഇവര്‍ക്ക് സാധിക്കും. സൗരവ് ഗാംഗുലി-രാഹുല്‍ ദ്രാവിഡ്-അനില്‍ കുംബ്ലെ ത്രയത്തെ മറികടന്നാണ് ഇവര്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കുക.

226 അന്താരാഷ്ട്ര മത്സരങ്ങളില്‍ (ടെസ്റ്റ്, ഏകദിനം, ടി-20) മൂവരും ഒന്നിച്ച് ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയിട്ടുണ്ട്. വിരാടും രോഹിത്തും ടെസ്റ്റ്, ടി-20 ഫോര്‍മാറ്റുകളില്‍ നിന്ന് പടിയിറങ്ങിയതിനാല്‍ മൂന്ന് താരങ്ങള്‍ക്കും ഏകദിനത്തില്‍ മാത്രമാണ് ഒന്നിച്ച് കളിക്കാന്‍ അവസരമുള്ളത്.

ഇന്ത്യയ്ക്കായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒന്നിച്ചിറങ്ങിയ ട്രയോ

(താരങ്ങള്‍ – മത്സരം എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് – 293

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് – 227

സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് – 226

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ – 226*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, മനുഹമ്മദ് അസറുദ്ദീന്‍ – 224

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, സൗരവ് ഗാംഗുലി – 223

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, എം.എസ്. ധോണി – 195

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ് – 195

വിരാട് കോഹ്‌ലി, എം.എസ്. ധോണി, സുരേഷ് റെയ്‌ന – 178

വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് ഏകദിനങ്ങളുള്ളതിനാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് ത്രയത്തെ മറികടക്കാനും ഇവര്‍ക്ക് അവസരമുണ്ട്.

ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം സമ്മാനിച്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലും ഒക്ടോബര്‍ മൂന്നിന് പി.സി.എ സ്റ്റേഡിയത്തിലുമാണ് ശേഷിച്ച മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ധ്രുവ് ജുെേറല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്‌സ്വാള്‍, നമന്‍ ധീര്‍.

 

Content Highlight: Kohli, Rohit and Jadeja can become India’s second-most frequent international trio, surpassing Ganguly, Dravid and Kumble.