'കോടതിയാകാന്‍ ശ്രമിക്കേണ്ട'; ലൈംഗികാതിക്രമ പരാതിയില്‍ നടപടിയെടുക്കാത്തതിനെ ന്യായീകരിച്ച് സുരേഷ് ഗോപി
national news
'കോടതിയാകാന്‍ ശ്രമിക്കേണ്ട'; ലൈംഗികാതിക്രമ പരാതിയില്‍ നടപടിയെടുക്കാത്തതിനെ ന്യായീകരിച്ച് സുരേഷ് ഗോപി
ആദർശ് എം.കെ.
Sunday, 12th July 2026, 6:07 pm

ന്യൂദല്‍ഹി: കൊല്‍ക്കത്ത സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എസ്.ആര്‍.എഫ്.ടി.ഐ) ഡീനിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയെടുക്കാത്തതിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രിയും ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ സുരേഷ് ഗോപി.

പ്രകോപിതനായും ചോദ്യം ചോദിച്ച മാധ്യമങ്ങളെ പരിഹസിച്ചുമായിരുന്നു ബി.ജെ.പി എം.പിയുടെ പ്രതികരണം.

‘നിങ്ങള്‍ കോടതിയുടെ മുകളിലാണോ’ എന്ന് ചോദിച്ച സുരേഷ് ഗോപി, മാധ്യമങ്ങള്‍ കോടതിയാകാന്‍ ശ്രമിക്കേണ്ടെന്നും പറഞ്ഞു

ഇന്‍സ്റ്റിറ്റ്യൂട്ട് ഡീന്‍ വിപിന്‍ വിജയ് ലൈംഗികാതിക്രമ കേസില്‍ കുറ്റക്കാരനാണെന്ന് ഇന്റേണല്‍ കമ്മിറ്റി കണ്ടെത്തിയിട്ടും, ചെയര്‍മാന്‍ എന്ന നിലയില്‍ സുരേഷ് ഗോപി നടപടിയെടുക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.

എന്നാല്‍, സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ നടപടിയെടുക്കാന്‍ സാധിക്കൂ എന്നാണ് സുരേഷ് ഗോപിയുടെ നിലപാട്.

ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതുകൊണ്ട് മാത്രം അന്തിമ തീരുമാനമെടുക്കാനാകില്ലെന്നും, നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകാന്‍ കോടതി സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കോടതി തീരുമാനത്തിന് അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യൂ എന്ന് വ്യക്തമാക്കിയ സുരേഷ് ഗോപി, നാളെ കോടതി ഡീനിന്റെ പക്ഷം ചേര്‍ന്നാല്‍ മാധ്യമങ്ങള്‍ ചോദ്യം മാറ്റി ചോദിക്കുമെന്നും കുറ്റപ്പെടുത്തി.

ഇന്റേണല്‍ കമ്മിറ്റി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തിയെ മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ അനൗദ്യോഗിക ചെയര്‍മാനായി നിയമിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

2024 മെയ് മാസത്തിലാണ് പരാതിക്കാരി ഇന്റേണല്‍ കമ്മറ്റിക്ക് മുമ്പിലെത്തിയത്. പരാതിയിലെ ആദ്യ ഘട്ട അന്വേഷണം പൂര്‍ത്തിയായിതിന് ശേഷമായിരുന്നു ഇന്റേണല്‍ കമ്മറ്റിയെ സമീപിച്ചത്. പിന്നീട് രണ്ടം ഘട്ട അന്വേഷണം ഈ വര്‍ഷം മെയ് മാസത്തില്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടംഘട്ട അന്വേഷണത്തിന് ശേഷം ഇന്റേണല്‍ കമ്മിറ്റിയുടെ ഈ വിഷയത്തിലെ അന്തിമ റിപ്പോര്‍ട്ട് പുറത്ത് വന്നതായി മെയില്‍ ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കേണ്ടത് സുരേഷ് ഗോപിയാണെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും സുരേഷ് ഗോപി എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും പരാതിക്കാരി ചോദിച്ചു. ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഇപ്പോള്‍ 60 ദിവസം പൂര്‍ത്തിയായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം (പി.ഒ.എസ്.എച്ച് ആക്ട്) പ്രകാരം ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച് 60 ദിവസത്തിനുള്ളില്‍ നടപടിയെടുക്കണം. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞിട്ടും കേന്ദ്ര പെട്രോളിയം സഹമന്ത്രി കൂടിയായ സുരേഷ് ഗോപി അധ്യക്ഷനായ എസ്.ആര്‍.എഫ്.ടി.ഐ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

ബി.ജെ.പി നേതാവും നിലവില്‍ തൃശൂര്‍ എം.പിയുമായ നടന്‍ സുരേഷ് ഗോപി 2023 മുതല്‍ എസ്.ആര്‍.എഫ്.ടി.ഐ മേധാവിയാണ്. ഉദ്യോഗസ്ഥനെതിരായ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം വൈകിപ്പിക്കാന്‍ സുരേഷ് ഗോപി ശ്രമിക്കുന്നതായി നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

 

Content highlight: Suresh Gopi has justified the failure to take action regarding the sexual harassment complaint against the Dean of the Satyajit Ray Film and Television Institute.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.