ബാരമതിയില്‍ ഇനി 'പവാര്‍ vs പവാര്‍' കുടുംബ പോരാട്ടമില്ല; നിലപാട് വ്യക്തമാക്കി സുപ്രിയ സുലെ
national news
ബാരമതിയില്‍ ഇനി 'പവാര്‍ vs പവാര്‍' കുടുംബ പോരാട്ടമില്ല; നിലപാട് വ്യക്തമാക്കി സുപ്രിയ സുലെ
ആദര്‍ശ് എം.കെ.
Thursday, 30th April 2026, 9:00 pm

മുംബൈ: ബാരമതി മണ്ഡലത്തില്‍ ഇനി പവാര്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ മത്സരം ഉണ്ടാകില്ലെന്ന് എന്‍.സി.പി (ശരദ് പവാര്‍) നേതാവും എം.പിയുമായ സുപ്രിയ സുലെ. ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ പവാര്‍ കുടുംബത്തിലെ ഒരംഗത്തിനെതിരെയും താന്‍ മത്സരിക്കില്ലെന്നും പകരം മറ്റൊരു മണ്ഡലം കണ്ടെത്തുമെന്നും സുലെ അറിയിച്ചു

ഭാവിയില്‍ ബാരമതിയില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള മത്സരം അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ സുലെ, അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ താന്‍ മുന്‍കൈ എടുക്കുമെന്നും വ്യക്തമാക്കി.

ജയ് പവാര്‍ ബാരമതിയില്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് സുലെയുടെ ഈ പ്രതികരണം.

കുടുംബാംഗങ്ങള്‍ തമ്മിലുള്ള മത്സരം രാഷ്ട്രീയ സ്വാധീനം കുറയ്ക്കുകയും എതിരാളികള്‍ക്ക് അവസരം നല്‍കുകയും ചെയ്യും എന്നതിന്റെ അടിസ്ഥാനത്തിലാണ് സുലെയുടെ തീരുമാനം.

‘സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും വളരെയധികം വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ചെറിയ പാര്‍ട്ടികളെ സംബന്ധിച്ചും വളരെ വെല്ലുവിളി നേരിടേണ്ടി വരുന്നു. അതിനാല്‍ പവാര്‍ കുടുംബം വിഭജിക്കപ്പെടുന്നതിനേക്കാള്‍ ഐക്യത്തോടെ തുടരുന്നതാണ് നല്ലത്,’ പേര് വെളിപ്പെടുത്താത്ത ഒരു വൃത്തം പറഞ്ഞു.

കുടുംബത്തിലെ യുവതലമുറയിലെ അംഗങ്ങള്‍ പരസ്പരം മത്സരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ താന്‍ ഒരു ‘വലിയ തീരുമാനം’ കൈക്കൊള്ളുമെന്ന് സുപ്രിയ സുലെ വൈകാരികമായി പറഞ്ഞു.

രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തിപരമായോ കുടുംബപരമായോ ഉള്ള കലഹങ്ങളിലേക്ക് നയിക്കരുതെന്നും, അധികാരമ പങ്കിടുന്നത് തീര്‍ത്തും സാധാനപരമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നുമാണ് പവാര്‍ കുടുംബത്തിന്റെ തീരുമാനം.

എന്നാല്‍ കുടുംബത്തിനുള്ളിലെ ഐക്യം നിലനിര്‍ത്തുമ്പോഴും, ബി.ജെ.പിക്കെതിരെയുള്ള തന്റെ പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ, അജിത് പവാറിന്റെ മരണത്തെത്തുടര്‍ന്ന് നടന്ന ബാരമതി ഉപതിരഞ്ഞെടുപ്പില്‍ സുപ്രിയ സുലെയും രോഹിത് പവാറും സുനേത്ര പവാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുകയും അവര്‍ക്കായി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുപ്രിയ സുലെയും സുനേത്ര പവാറും തമ്മിലും, നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാറും അനന്തരവന്‍ യുഗേന്ദ്ര പവാറും പരസ്പരം തെരഞ്ഞെടുപ്പ് ഗോദയിലേറ്റുമുട്ടിയിരുന്നു.

 

Content Highlight:   Supriya Sule says no more ‘Pawar vs Pawar’ contest in Baramati

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.