lgbt ന്യൂദല്‍ഹി: രാജ്യത്ത് സ്വവര്‍ഗലൈംഗികതയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ക്യുറേറ്റീവ് പെറ്റീഷന്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. സ്വവര്‍ഗരതി ഇന്ത്യന്‍ശിക്ഷാ നിയമം 337 പ്രകാരം കുറ്റകരമാണെന്നുള്ള 2013 ഡിസംബറിലെ സുപ്രീംകോടതി വിധിക്കെതിരെ സാമൂഹിക സംഘടനയായ നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്. വിധിക്കെതിരെ 2014ല്‍ സമര്‍പ്പിക്കപ്പെട്ട റിവ്യൂ പെറ്റീഷന്‍ കോടതി തള്ളിയിരുന്നു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നാസ് ഫൗണ്ടേഷന്റെ ഹരജി പരിഗണിച്ചത്. ഭരണഘടനാപരമായ വിഷയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അതിനാല്‍ കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍സിബല്‍ കോടതിയോട് ആവശ്യപ്പെട്ടു.

സ്വവര്‍ഗലൈംഗികത കുറ്റകരമല്ലെന്ന് 2009ല്‍ ദല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മത പ്രകാരം നടത്തുന്ന സ്വവര്‍ഗരതി തെറ്റല്ലെന്നും ഇതിനെ തടയിടുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യതയുടെയും ലംഘനമാണെന്നും 2009 ജൂലൈയില്‍ ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് ദല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നു.

ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ വിവിധ മതസാമൂഹിക സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് സ്വവര്‍ഗരതി കുറ്റകരമാണെന്ന സുപ്രീംകോടതി വിധിയുണ്ടായത്.

ഏതായാലും ഭരണഘടനാ ബെഞ്ചിന് വിടാനുള്ള കോടതിയുടെ നടപടി പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നാണ് രാജ്യത്തെ എല്‍.ജി.ബി.ടി സമൂഹം കരുതുന്നത്. വാദം കേള്‍ക്കുന്നതിനിടെ സ്വവര്‍ഗരതി കുറ്റകരമല്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരും സ്വീകരിച്ചത്.

1862ല്‍ കൊളോണിയല്‍ കാലഘട്ടം മുതല്‍ സ്വവര്‍ഗലൈംഗികത രാജ്യത്ത് കുറ്റകരമാണ്.