മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്.സിയെ പരാജയപ്പെടുത്തി കണ്ണൂര്‍ വാറിയേഴ്‌സ്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കണ്ണൂര്‍ വിജയിച്ചുകയറിയത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിക്കാനും കണ്ണൂര്‍ വാറിയേഴ്‌സിനായി.
കണ്ണൂരിനായി എസിയര്‍, അഡ്രിയാന്‍ എന്നിവര്‍ വലകുലുക്കിയപ്പോള്‍ ഫസലു റഹ്‌മാനാണ് മലപ്പുറത്തിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ആള്‍ഡലിര്‍ – ജോസബ – സാഞ്ചസ് എന്നീ സ്പാനിഷ് താരങ്ങളെ മധ്യ – മുന്നേറ്റനിരകളില്‍ വിന്യസിച്ചാണ് കോച്ച് ജോണ്‍ ഗ്രിഗറി മലപ്പുറത്തെ അണിനിരത്തിയത്. മറുഭാഗത്ത് അല്‍വാരോ – എസിയര്‍ – അഡ്രിയാന്‍ സ്പാനിഷ് ത്രയത്തെ മാനുവല്‍ സാഞ്ചസും കണ്ണൂരിനായി ആദ്യ ഇലവനില്‍ കളത്തിലിറക്കി.
വാം അപ്പിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ അനസ് എടത്തൊടികയെ കളത്തിലിറക്കാന്‍ മലപ്പുറത്തിന് സാധിച്ചില്ല. പകരം
ആള്‍ഡലിര്‍ ആണ് ടീമിനെ നയിച്ചത്.
മൂന്നാം മിനിറ്റില്‍ ഫസലു റഹ്‌മാനിലൂടെ മലപ്പുറമാണ് ആക്രമണത്തിന് തുടക്കം കുറിച്ചത് എങ്കിലും പതിനാലാം മിനിറ്റില്‍ കണ്ണൂര്‍ ഗോള്‍ നേടി. എസിയര്‍ നീട്ടി നല്‍കിയ പന്തില്‍ കണ്ണൂര്‍ നായകന്‍ അഡ്രിയാന്‍ എതിര്‍ ഗോളിക്ക് അവസരം നല്‍കാതെ അനായാസം സ്‌കോര്‍ ചെയ്തു.
