മേജര്‍ ലീഗ് ക്രിക്കറ്റില്‍ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സിന്റെ ശനിദശ തുടരുകയാണ്. കളിച്ച നാല് മത്സരത്തിലും തോറ്റ് പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് നൈറ്റ് റൈഡേഴ്‌സ് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
എം.എല്‍.സിയില്‍ കളിച്ച ഒറ്റ മത്സരത്തില്‍ പോലും വിജയിക്കാത്ത ഏക ടീമാണ് ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സ്. ജൂലൈ 23നാണ് സീസണില്‍ നൈറ്റ് റൈഡേഴ്‌സിന്റെ അവസാന മത്സരം. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ഏക ടീമായ സിയാറ്റില്‍ ഓര്‍ക്കാസിനെതിരെയാണ് നൈറ്റ് റൈഡേഴ്‌സ് അവസാന മത്സരം കളിക്കുക.
തുടര്‍ച്ചയായ തോല്‍വിക്ക് പിന്നാലെ സൂപ്പര്‍ താരം സുനില്‍ നരെയ്‌ന്റെ ക്യാപ്റ്റന്‍സിക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആരാധകര്‍ വിമര്‍ശനമുയര്‍ത്തേണ്ടത് നൈറ്റ് റൈഡേഴ്‌സ് മാനേജ്‌മെന്റിനെതിരെയാണ്. കാരണം, ക്യാപ്റ്റന്‍സി തന്നെക്കൊണ്ട് വഴങ്ങുന്ന പണിയല്ല എന്ന പലകുറി തെളിയിച്ച നരെയ്‌ന് വീണ്ടും ക്യാപ്റ്റന്‍സി നല്‍കിയ മാനേജ്‌മെന്റ് തന്നെയാണ് ഇവിടെ തെറ്റുകാര്‍.
