തുടക്കം എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലും അഭിമുഖങ്ങളിലുമെല്ലാം വിസ്മയ കൂടുതലായി ഇംഗ്ലീഷിൽ സംസാരിച്ചതിന് പിന്നാലെ ‘മലയാളം സംസാരിക്കാൻ അറിയില്ലേ’ എന്ന തരത്തിലുള്ള ചർച്ചകളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
ഇപ്പോഴിതാ മകളെക്കുറിച്ചുള്ള ഇത്തരം വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് അമ്മ സുചിത്ര. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുചിത്ര ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
‘തുടക്കം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടികളുടെയും അഭിമുഖങ്ങളുടെയും വീഡിയോകൾ ഓൺലൈനിൽ എത്തിയതിന് പിന്നാലെ മകൾ വിസ്മയ മോഹൻലാലിന്റെ മലയാളത്തെക്കുറിച്ച് ചിലർ പരിഹാസവുമായി എത്തിയിരുന്നുവെന്ന് അമ്മ സുചിത്ര. ‘മലയാളത്തിന്റെ വലിയ നടന്റെ മകൾക്ക് മലയാളം അറിയില്ലേ’ എന്നായിരുന്നു ചിലരുടെ ചോദ്യം. ചിലർ സംശയത്തോടെയും മറ്റു ചിലർ പരിഹാസത്തോടെയുമാണ് ഇക്കാര്യം ചോദിച്ചതെന്നും സുചിത്ര പറഞ്ഞു.
കുട്ടിക്കാലം മുതൽ കേരളത്തിന് പുറത്തുള്ള സ്കൂളുകളിലാണ് വിസ്മയ പഠിച്ചതെന്നും അവിടെ ഇംഗ്ലീഷിനായിരുന്നു കൂടുതൽ പ്രാധാന്യമെന്നും സുചിത്ര പറയുന്നു. ‘കുട്ടിക്കാലം മുതലേ പഠിച്ചതും വളർന്നതും കേരളത്തിന് പുറത്തുള്ള സ്കൂളിലാണ്. അവിടെ ഇംഗ്ലീഷിനായിരുന്നു പ്രാധാന്യം. നാട്ടിൽ വരുമ്പോഴും വീട്ടിലുണ്ടാകുമ്പോഴും മലയാളത്തിൽ സംസാരിക്കും,’ സുചിത്ര പറഞ്ഞു.
സ്കൂൾകാലം മുതൽ വിസ്മയയുടെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും കേരളത്തിന് പുറത്തുള്ളവരായിരുന്നുവെന്നും അതുകൊണ്ടുതന്നെ സ്വാഭാവികമായും അവരുടെ സംസാരവും ചിന്തയും ഇംഗ്ലീഷിലായിരുന്നുവെന്നും സുചിത്ര വ്യക്തമാക്കി.
തനിക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സുചിത്ര പറഞ്ഞു. സിനിമാ ചടങ്ങുകളിൽ അപ്രതീക്ഷിതമായി സ്റ്റേജിൽ സംസാരിക്കേണ്ടി വരുമ്പോൾ മലയാളത്തിൽ സംസാരിക്കണമെന്ന് തീരുമാനിച്ചാണ് തുടങ്ങുന്നതെങ്കിലും പിന്നീട് ഇംഗ്ലീഷിലേക്ക് മാറിപ്പോകാറുണ്ടെന്നും അവർ പറയുന്നു.
‘സ്റ്റേജിൽവെച്ച് സംസാരിക്കേണ്ട കാര്യമൊന്നും പലപ്പോഴും ആദ്യം പറഞ്ഞിട്ടുണ്ടാകില്ല. അവിടെയെത്തി കുറച്ചുകഴിയുമ്പോഴാണ് രണ്ടുവാക്ക് പറയാനെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് വിളിക്കുക. പറയേണ്ട കാര്യങ്ങൾ ആലോചിക്കുമ്പോഴേക്കും മൈക്ക് കൈയിൽ കിട്ടിക്കഴിയും. മലയാളത്തിൽത്തന്നെ സംസാരിക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചാണ് പലപ്പോഴും പറഞ്ഞുതുടങ്ങുക. പക്ഷേ പിന്നീട് ചടങ്ങിന്റെ വീഡിയോ കാണുമ്പോഴാണ് സംസാരിച്ചത് കൂടുതലായും ഇംഗ്ലീഷിലായിരുന്നെന്ന് മനസിലാക്കുക,’ സുചിത്ര പറഞ്ഞു.
ഇതേക്കുറിച്ച് നടൻ സിദ്ദിഖുമായി മുൻപ് സംസാരിച്ചപ്പോഴുണ്ടായ കാര്യങ്ങളും സുചിത്ര ഓർത്തെടുത്തു. ‘പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഏത് ഭാഷയിലാണ് ചിന്തിക്കുന്നതെന്നാണ് സിദ്ദിഖ് ചോദിച്ചത്. ഇംഗ്ലീഷിലാണ് ചിന്തിക്കുന്നതെന്ന് പറഞ്ഞപ്പോൾ, അതാണ് പ്രശ്നമെന്നും ഇംഗ്ലീഷിൽ ചിന്തിച്ച് മലയാളത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ബുദ്ധിമുട്ടാണിതെന്നും അദ്ദേഹം പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്,’സുചിത്ര പറഞ്ഞു.
2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആശിഷ് ജോ ആന്റണി, സായ് കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്.
Content Highlight: Suchitra opens up about her daughter Vismaya Mohanlal