ന്യൂദല്‍ഹി: 2026ലെ നീറ്റ് യുജി പരീക്ഷാ ഫലത്തില്‍ വലിയ തോതിലുള്ള പൊരുത്തക്കേടുകള്‍ ആരോപിച്ച് നിയമപോരാട്ടത്തിനൊരുങ്ങി വിദ്യാര്‍ത്ഥികള്‍. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍.ടി.എ) എതിരെ ദല്‍ഹി, ബോംബെ ഹൈക്കോടതികളില്‍ വിദ്യാര്‍ത്ഥികള്‍ ഹരജികള്‍ സമര്‍പ്പിച്ചു.
എന്‍.ടി.എയുടെ ഡിജിറ്റല്‍ സ്‌കോറിങ് രീതികളുടെയും മൂല്യനിര്‍ണയത്തിന്റെയും സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ് ഈ ഹരജികള്‍.
എന്‍.ടി.എ പോര്‍ട്ടലില്‍ തന്റെ സ്‌കോര്‍ 24 മണിക്കൂറിനുള്ളില്‍ മൂന്ന് തവണ മാറിയതായാണ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥി പ്രധാനമായും ആരോപിക്കുന്നത്. ആദ്യം പോര്‍ട്ടലില്‍ 650 മാര്‍ക്ക് കണ്ട വിദ്യാര്‍ത്ഥി പിന്നീട് ലോഗിന്‍ ചെയ്തപ്പോള്‍ അത് 500 ആയും, തൊട്ടടുത്ത ദിവസം 135 ആയും കുറയുകയായിരുന്നു.
അഡ്വക്കേറ്റ് വിനീത് ജിന്‍ഡാല്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍, വിദ്യാര്‍ത്ഥിയുടെ യഥാര്‍ത്ഥ ഫിസിക്കല്‍ ഒ.എം.ആര്‍ ഷീറ്റും പരീക്ഷാ രേഖകളും ഹാജരാക്കാനും അവ സുരക്ഷിതമായി സംരക്ഷിക്കാനും എന്‍.ടി.എയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ദല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പ്രതീക്ഷിച്ച മാര്‍ക്ക് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈയില്‍ നിന്നുള്ള 18 വയസ്സുള്ള മറ്റൊരു വിദ്യാര്‍ത്ഥിനി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ബി.ഡി.എസ് പ്രവേശനം ആഗ്രഹിക്കുന്ന ഈ വിദ്യാര്‍ത്ഥിനി എന്‍.ടി.എ പുറത്തുവിട്ട ഉത്തരസൂചിക പരിശോധിച്ചപ്പോള്‍ 410 മാര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെങ്കിലും, ഫലം വന്നപ്പോള്‍ 340 മാര്‍ക്ക് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.
ഈ വിഷയത്തില്‍ മാര്‍ക്ക് തിരുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 17 മുതല്‍ അഞ്ച് തവണ എന്‍.ടി.എയ്ക്ക് ഇമെയില്‍ അയച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും വിദ്യാര്‍ത്ഥിനി ആരോപിക്കുന്നു.
ജൂണ്‍ 21-നാണ് നീറ്റ് യുജി റീ-എക്‌സാമിനേഷന്‍ നടന്നത്. തുടര്‍ന്ന് ജൂലൈ 13-ന് ഉത്തരസൂചിക പുറത്തുവിടുകയും, ജൂലൈ 16ന് ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയ വിദ്യാര്‍ത്ഥിയുടെ ഫലവും ജൂലൈ 25ന് ബോംബെ ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥിനിയുടെ ഫലവും പ്രഖ്യാപിക്കുകയായിരുന്നു.
നിലവില്‍ പരീക്ഷയുമായി ബന്ധപ്പെട്ട കൗണ്‍സിലിങ് നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍, ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ തങ്ങളുടെ ഭാവിയെ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ നീതി തേടി കോടതിയെ ശരണം പ്രാപിച്ചിരിക്കുന്നത്.
Content highlight: Students are gearing up for a legal battle, alleging major discrepancies in the 2026 NEET-UG exam results.