സ്യൂട്ട അഭയാര്‍ത്ഥി പ്രതിസന്ധി; മൊറോക്കോയെ കരുവാക്കുന്നു; ഇസ്രഈലിനും അമേരിക്കയ്ക്കുമെതിരെ സ്‌പെയിന്‍
World
സ്യൂട്ട അഭയാര്‍ത്ഥി പ്രതിസന്ധി; മൊറോക്കോയെ കരുവാക്കുന്നു; ഇസ്രഈലിനും അമേരിക്കയ്ക്കുമെതിരെ സ്‌പെയിന്‍
ആര്യ.പി
Saturday, 1st August 2026, 12:49 pm

അങ്കാറ: നോര്‍ത്ത് ആഫ്രിക്കന്‍ തീരത്തുള്ള സ്പാനിഷ് പ്രദേശമായ സ്യൂട്ടയില്‍ ഉടലെടുത്ത അതിരൂക്ഷമായ അഭയാര്‍ത്ഥി പ്രതിസന്ധിക്ക് പിന്നില്‍ ഇസ്രഈലും അമേരിക്കയുമാണെന്ന ഗുരുതര ആരോപണവുമായി സ്പാനിഷ് രാഷ്ട്രീയ നേതാക്കളും നിരീക്ഷകരും. തങ്ങളുടെ വിദേശനയവും ഗസ വിഷയത്തില്‍ ഫലസ്തീന് അനുകൂലമായി സ്വീകരിച്ച നിലപാടുകളുമാണ് ഈ പ്രതികാര നടപടിയ്ക്ക് കാരണമായതെന്നും സ്‌പെയിന്‍ ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭയിലെ ഇസ്രഈല്‍ അംബാസഡര്‍ ഡാനി ദാനോനും സ്പാനിഷ് ഗതാഗത മന്ത്രി ഓസ്‌കാര്‍ പ്യൂന്റെയും തമ്മില്‍ സോഷ്യല്‍ മീഡിയയിലുണ്ടായ വാക്‌പോരാണ് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചത്.

സ്‌പെയിനിന്റെ കുടിയേറ്റ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഡാനി ദാനോന്‍ കുറിച്ചത് ഇങ്ങനെയായിരുന്നു, ‘ഇസ്രഈലിനെ ഉപദേശിക്കാന്‍ ഒരു അവസരവും കളയാത്ത സ്‌പെയിന്‍, സ്വന്തം കുടിയേറ്റ നയം കാരണം സ്യൂട്ടയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മളെ ഉപദേശിക്കുന്നതിന് മുന്‍പ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇപ്പോഴും സ്‌പെയിന്‍ എന്തിനാണ് കോളനി പ്രദേശങ്ങള്‍ നിലനിര്‍ത്തുന്നത് എന്ന് ലോകത്തോട് വിശദീകരിക്കട്ടെ.’

ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് സ്പാനിഷ് മന്ത്രി ഓസ്‌കാര്‍ പ്യൂന്റെ, ‘ശരി, കാര്യങ്ങള്‍ ഇപ്പോള്‍ ഏറെക്കുറെ വ്യക്തമാകാന്‍ തുടങ്ങിയിട്ടുണ്ട്,’ എന്ന് മറുപടിയും നല്‍കിയത് ഈ വിഷയത്തില്‍ ഇസ്രഈലിന്റെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടി.

രാഷ്ട്രീയ നിരീക്ഷകരുടെയും നേതാക്കളുടെയും ആരോപണങ്ങള്‍

സ്‌പെയിനെ ഷെംഗന്‍ (Schengen Area) മേഖലയില്‍ നിന്ന് നീക്കം ചെയ്യാനായി ചില ഇറ്റാലിയന്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ഇസ്രഈലിന്റേയും യൂറോപ്യന്‍ തീവ്ര വലതുപക്ഷത്തിന്റെയും പിന്തുണയുണ്ടെന്നും ഈ പിന്തുണയോടെയാണ് മൊറോക്കോ ഇത് ചെയ്യുന്നതെന്നും സ്പാനിഷ് രാഷ്ട്രീയ നിരീക്ഷക കരോളിന അലോണ്‍സോ ചൂണ്ടിക്കാട്ടി. ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ സ്വന്തം സ്വാധീനം വര്‍ദ്ധിപ്പിക്കാനും സാഞ്ചസ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്നും കരോളിന കൂട്ടിച്ചേര്‍ത്തു.

കറ്റാലന്‍ ലെഫ്റ്റ് പാര്‍ട്ടി (ERC) വക്താവും സ്പാനിഷ് എം.പിയുമായ ഗബ്രിയേല്‍ റൂഫിയാന്‍, ഈ കുടിയേറ്റ പ്രതിസന്ധി അമേരിക്കയുടെയും ഇസ്രഈലിന്റയും താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ രാഷ്ട്രീയം കളിക്കാതെ ദേശീയ തലത്തില്‍ ഐക്യം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകനായ ജോസ് വിസ്‌നര്‍, 2019-ല്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യായ്ര് നെതന്യാഹു പങ്കുവെച്ച പഴയൊരു പോസ്റ്റ് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതികരിച്ചത്. സ്യൂട്ടയിലും മെലീലയിലുമുള്ള വിഘടനവാദ ഗ്രൂപ്പുകള്‍ക്ക് ഇസ്രഈല്‍ പിന്തുണയുണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു ആ പോസ്റ്റ്. പെഡ്രോ സാഞ്ചസിനോടുള്ള പ്രതികാരത്തിന്റെ വിലയാണോ സ്പാനിഷ് ജനത ഇപ്പോള്‍ നല്‍കുന്നത് എന്നും വിസ്‌നര്‍ ചോദിച്ചു.

പെഡ്രോ സാഞ്ചസ് അധികാരമേറ്റെടുക്കുകയും ഇസ്രഈലിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ച് ഫലസ്തീന് അനുകൂലമായി നിലയുറപ്പിക്കുകയും ചെയ്ത ശേഷമാണ് മൊറോക്കോ സ്യൂട്ടയ്ക്ക് മേലുള്ള അവകാശവാദം ശക്തമാക്കിയതെന്ന് നിരീക്ഷകനായ റൂബന്‍ ഗിസ്‌ബെര്‍ട്ട് പറഞ്ഞു.

2023 ഒക്ടോബറില്‍ ഗസക്കെതിരായി ഇസ്രഈല്‍ യുദ്ധം ആരംഭിച്ചതുമുതല്‍ സ്‌പെയിനും ഇസ്രഈലും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഗസയിലെ ഇസ്രഈലിന്റെ സൈനിക നടപടിയെ പരസ്യമായി വിമര്‍ശിച്ച സ്‌പെയിന്‍, 2024 മെയില്‍ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി ഔദ്യോഗികമായി അംഗീകരിക്കുകയും ഉടനടി വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, വിവാദം കനത്തതോടെ വിശദീകരണവുമായി സ്‌പെയിനിലെ ഇസ്രഈല്‍ എംബസിയുടെ ചുമതല വഹിക്കുന്ന ഡാന എര്‍ലിച്ച് രംഗത്തെത്തി. ഐക്യരാഷ്ട്രസഭയിലെ ഇസ്രഈല്‍ അംബാസഡറുടെ പ്രതികരണം ഇസ്രഈല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്നും സ്യൂട്ടയിലെ സംഭവവികാസങ്ങള്‍ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നോര്‍ത്ത് ആഫ്രിക്കന്‍ അതിര്‍ത്തി പ്രദേശമായ സ്യൂട്ടയിലേക്ക് മൊറോക്കോയില്‍ നിന്ന് പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് അതിരൂക്ഷമായ മാനുഷിക പ്രതിസന്ധിയാണ് രൂപപ്പെട്ടത്. കടല്‍ മാര്‍ഗ്ഗവും കര മാര്‍ഗവും അതിര്‍ത്തി കടക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മുങ്ങിമരണങ്ങളിലുമായി 57 പേര്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ഏകദേശം 60,000-ത്തോളം ആളുകളാണ് സ്യൂട്ടയിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്യൂട്ട സന്ദര്‍ശിക്കുകയും സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

രാജ്യത്തിന്റെ പ്രാദേശിക പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് സ്ഥിതിഗതികള്‍ നേരിടുമെന്നും സാഞ്ചസ് വ്യക്തമാക്കി. കടല്‍ മാര്‍ഗം എത്തുന്നവരെ ഉടനടി തിരിച്ചയക്കുന്നത് വിലക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി മനുഷ്യക്കടത്ത് സംഘങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതാണ് അതിര്‍ത്തിയിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്തിയതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഏകദേശം 25,000-ത്തോളം പേരെ സ്‌പെയിന്‍  തിരിച്ച് മൊറോക്കോയിലേക്ക് തന്നെ പറഞ്ഞയച്ചിട്ടുണ്ട്.

2021-ന് ശേഷമുള്ള ഏറ്റവും വലിയ കുടിയേറ്റമാണ് ഇത്. സ്‌പെയിന്‍-മൊറോക്കോ ബന്ധം വഷളാവുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ കുടിയേറ്റത്തിന് പിന്നില്‍ മൊറോക്കന്‍ അധികാരികളുടെ രഹസ്യ പിന്തുണയുണ്ടെന്നും ആരോപണമുണ്ട്.

സംഭവത്തെത്തുടര്‍ന്ന് ഫ്രാന്‍സ് സ്‌പെയിനുമായുള്ള അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. ആവശ്യമാണെങ്കില്‍ അതിര്‍ത്തി രക്ഷാ സേനയെ അയക്കാന്‍ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, സര്‍ക്കാരിന്റെ അയഞ്ഞ കുടിയേറ്റ നയങ്ങളാണ് ഈ വന്‍ അഭയാര്‍ഥി പ്രവാഹത്തിന് കാരണമെന്ന് ആരോപിച്ച് സ്‌പെയിനിലെ വലതുപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

സ്യൂട്ടയിലെ ദൃശ്യങ്ങള്‍ ‘അസ്വീകാര്യമാണെന്ന്’ യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പ്രതികരിച്ചു. നിയമങ്ങള്‍ പാലിക്കാതെ ആരെയും പ്രവേശിപ്പിക്കില്ലെന്നും തിരിച്ചയക്കല്‍ പ്രക്രിയ വേഗത്തിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അതിര്‍ത്തി സുരക്ഷ ഉറപ്പാക്കാന്‍ സ്‌പെയിനുമായുള്ള ഷെംഗന്‍ സ്വതന്ത്ര സഞ്ചാര കരാര്‍ താത്കാലികമായി നിര്‍ത്തിവെക്കുമെന്ന നിലപാടാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി സ്വീകരിച്ചത്. അതേസമയം അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള സ്‌പെയിനിന്റെ നടപടികളെ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പിന്തുണച്ചു.

കുട്ടികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് സ്യൂട്ടയിലെ തെരുവുകളിലും നടപ്പാതകളിലും കഴിയുന്നത്. നിലവിലെ സ്ഥിതി അതിരൂക്ഷമായ മാനുഷിക അടിയന്തരാവസ്ഥയാണെന്ന് സിവില്‍ ഗാര്‍ഡ് തൊഴിലാളി സംഘടന നേതാവ് റാച്ചീദ് സ്ബിഹി അഭിപ്രായപ്പെട്ടു. സ്യൂട്ടയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് റീജണല്‍ പ്രസിഡന്റ് ജുവാന്‍ ജീസസ് വിവാസ് ആവശ്യപ്പെട്ടെങ്കിലും സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചു. പകരം കൂടുതല്‍ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനുമായി കര അതിര്‍ത്തി പങ്കിടുന്ന വടക്കേ ആഫ്രിക്കന്‍ സ്പാനിഷ് പ്രദേശങ്ങളായ സ്യൂട്ട, മെലീല എന്നിവയിലേക്ക് കടക്കാന്‍ മുന്‍പും അഭയാര്‍ഥികള്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, ഇത്രയും വന്‍തോതിലുള്ള കുടിയേറ്റം അടുത്ത കാലത്തൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Content Highlight: Spanish politicians, commentators accuse Israel of stirring chaos over Ceuta migration crisis

 

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.