കാന്‍ബറെ: ജയിലില്‍ കഴിയുന്ന മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കാര്യത്തില്‍ ഇടപെടണമെന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍മാര്‍. ഇമ്രാന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ചാണ് ഏഴ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍മാര്‍ വിദേശകാര്യമന്ത്രി പെന്നി വോങ്ങിന് ചൊവ്വാഴ്ച കത്തയച്ചത്.

അലന്‍ ബോര്‍ഡര്‍, ഗ്രെഗ് ചാപ്പല്‍, ഇയാന്‍ ചാപ്പല്‍, ബെലിന്‍ഡ ക്ലര്‍ക്ക്, കിം ഹ്യൂസ്, മാര്‍ക്ക് ടെയ്‌ലര്‍, സ്റ്റീവ് വോ എന്നിവരാണ് കത്തെഴുതിയത്.

മിസ്റ്റര്‍ ഖാനെതിരെയുള്ള നിയമപരമായോ രാഷ്ട്രീയപരമായോ ഉള്ള കേസില്‍ തങ്ങള്‍ ഒരു നിലപാടും സ്വീകരിക്കുന്നില്ല എന്ന് ഇവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പക്ഷേ, ജയിലില്‍ ഇമ്രാന്‍ ഖാന് ലഭിക്കുന്ന പരിചരണത്തില്‍ ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു.

കസ്റ്റഡിയിലിരിക്കെ അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായവും മാന്യമായ പരിഗണനയും ഉറപ്പാക്കണമെന്ന് കത്തില്‍ പറയുന്നു.

അദ്ദേഹം ജയിലില്‍ക്കിടന്നു മരിക്കുമോ എന്ന ഭയം മൂലമാണ് കത്തെഴുതിയതെന്ന് ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

നയതന്ത്രജ്ഞരോ രാഷ്ട്രീയ പ്രവര്‍ത്തകരോ എന്ന നിലയിലല്ല തങ്ങള്‍ ഈ കത്ത് എഴുതുന്നതെന്നും, മറിച്ച് ഇതിനെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍മാരായാണെന്ന് അവര്‍ വ്യക്തമാക്കി.

സ്‌കൈ സ്‌പോര്‍ട്‌സിന് ഇമ്രാന്‍ ഖാന്റെ മക്കള്‍ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയാണെന്ന് പറഞ്ഞിരുന്നു. അഭിമുഖം പ്രക്ഷേപണം ചെയ്തതില്‍ പ്രതിഷേധിച്ച് ഇംഗ്ലണ്ടുമായി ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെ കളിക്കാരെ പിന്‍വലിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭീഷണിപ്പെടുത്തിയിരുന്നു.

ഇമ്രാന്‍ ഖാന് മാനുഷികപരിഗണന ആവശ്യപ്പെട്ട് ആഗസ്റ്റില്‍ 22 മുന്‍ ലോക ക്രിക്കറ്റ് ക്യാപ്റ്റന്‍മാര്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് കത്തയച്ചിരുന്നു.

2023 മുതല്‍ റാവല്‍പിണ്ടിയിലെ അടിയാല ജയിലിലാണ് 73കാരനായ ഇമ്രാന്‍ ഖാന്‍.

Content Highlight: Imran Khan finds support from Australia: 7 ex-captains make humanitarian plea