സോമി സോളമന്‍
സോമി സോളമന്‍
Opinion
എത്ര ആദിവാസി -ദളിത് ശവശരീരങ്ങളില്‍ ചവിട്ടി നിന്നാലാണ് ‘പ്രബുദ്ധ കേരളം ‘പണിയാന്‍ കഴിയുക
സോമി സോളമന്‍
Friday 23rd February 2018 8:49pm

ആദിമ ജനത എന്നാല്‍ ഭൂമിയുടെ അവകാശികള്‍ എന്നാണ് , മണ്ണിന് മേല്‍ അധികാരമുള്ളവര്‍ എന്നാണ് . പക്ഷെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം പോലും മനസിലാക്കാന്‍ ശേഷിയില്ലാത്ത / മനസിലാക്കാന്‍ ആഗ്രഹമില്ലാത്ത മലയാളി പൊതുബോധത്തിനു ‘ രാജ വാഴ്ചയ്ക്കു ‘ കുലയും കായും കാഴ്ച വെച്ച് , നിലത്തിരിക്കുന്ന സമൂഹമാണ് ‘ ആദിമ ജനത ‘. സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ക്ക് ഇനിയും വേര് അറുത്തു കളയാന്‍ കഴിയാത്ത മലയാളിയുടെ ജാതി ബോധമാണ് തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ കസേരകള്‍ ഒഴിച്ചിട്ടു ആദിവാസിയെ താഴെ ഇരുത്തി കാണിക്ക വെയ്പ്പിക്കുന്നതു . അതെ പൊതുബോധമാണ് കൈയേറ്റങ്ങള്‍ നഷ്ടപ്പെടുത്തിയ മണ്ണിനു വേണ്ടിയുള്ള ആദിവാസികളുടെ പോരാട്ടങ്ങള്‍ കാണാതെ അരിയും പച്ചക്കറിയുമായി കാട് കയറുന്നതു . അതെ പൊതുബോധമാണ് കെ’ കള്ളനെന്ന് ‘ മുദ്ര കുത്തി മധുവിനെ തച്ചു കൊന്നത് .

മലയാളി പൊതുബോധത്തിന്റെ വംശീയവിദ്വേഷം മൂലം, പ്രകൃതിയെ കുറിച്ചും ചരിത്രത്തിന്റെ പരിണാമ ഗതികളെ കുറിച്ചും സംസാരിക്കാന്‍ അധികാരമുള്ള ആദിവാസികള്‍ എത്രയിടങ്ങളിലാണ് ഇങ്ങനെ താഴെ ഇരുത്തപ്പെടുന്നത് .

മലയാളിയുടെ ‘വൈറ്റ് മാന്‍സ് burden ‘ മൂലം എത്ര ഇടങ്ങളിലാണ് ‘ ആദിമ ജനത നിരന്തര ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നത്. ആദിവാസികളുടെ അവകാശമായ മണ്ണിനെ അവരില്‍ നിന്നും തട്ടിയെടുത്തു, അവരുടെ സ്വത്വത്തെ ‘വികസന പ്രൊജെക്ടുകളാക്കി’ മാറ്റി ചൂഷണത്തിന്റെ പുത്തന്‍ സാധ്യതകള്‍ തുറന്നിട്ടത് . ശാരീരികവും,മനസികവുമായുള്ള അതിക്രമങ്ങള്‍ക്ക് നിരന്തരം ഇരയായി മണ്ണും മനസും നഷ്ടമായതല്ലാതെ എന്താണ് ‘ഈ പദ്ധതികള്‍ ‘ ആദിവാസികള്‍ക്ക് നല്‍കിയത് .

 

ആദിവാസികളുടെ ആത്മാഭിമാനത്തെ ബഹുമാനിക്കാനോ അംഗീകരിക്കാനോ തയ്യാറാകാത്ത പൊതുബോധം, ആദിമ ജനതയുടെ പ്രകൃതിയെ കുറിച്ചുള്ള അറിവ്, അനുഭവ സമ്പത്തു എത്ര ഇടങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഒന്നുണ്ട് എന്ന് അംഗീകരിക്കാന്‍ തയ്യാറായിട്ടുണ്ടോ ? അവരുടെ സംഗീതം , കല , അവരുടേതായ സംഭവനകള്‍ക്കു ഇടം നല്‍കിയിട്ടുണ്ടോ ?

വര്‍ണവെറി നിറഞ്ഞ, വംശീയവെറി നിറഞ്ഞ, ആക്ഷേപങ്ങളിലും, പരിഹാസങ്ങളിലും ‘ തമാശകളിലുമാണ് ‘ മുഖ്യധാരാ കലാരൂപങ്ങളില്‍ എല്ലാം തന്നെ ആദിവാസികളെ അടയാളപ്പെടുത്തിട്ടിരിക്കുന്നത്. ദാരിദ്ര്യത്തിന്റെയും, അപരിചിത്വത്തിന്റെയും വേഷവിധാനങ്ങള്‍ കല്പിച്ചു കൊടുത്ത് ആ ദിവാസികളെ അപരിഷ്‌കൃതരായി അവതരിപ്പിച്ചിട്ടുള്ളത് കൈയേറ്റക്കാര്‍ ആയിരുന്നു . അത് അവരുടെ നിലനില്‍പ്പിന്റെ ആവശ്യമായിരുന്നു.

ഇപ്പോഴും മനുഷ്യത്വ വിരുദ്ധമാണെന്നു തിരിച്ചറിയാന്‍ കഴിയാതെ വീണ്ടും വീണ്ടും ഉപയോഗിച്ചു ആദിവാസികളെ നിരന്തരം അധിക്ഷേപിക്കുകയും അപഹസിക്കുകയും പുറത്താക്കുകയും ചെയ്യുകയാണ് മലയാളിയുടെ പൊതുബോധം.

സത്നാം സിങ്

 

കളിയാക്കലുകളുടെ ഇങ്ങേ തലയ്ക്കല്‍ ‘മനുഷ്യരാണെന്നു’ അംഗീകരിക്കാന് ഇനിയും മലയാളി പൊതുബോധത്തിനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അത്രമേല്‍ ലാഘവത്തോടെ ആദിവാസികളെ തച്ചു കൊല്ലാന്‍ കഴിയുന്നത് .

അടുത്ത നാളുകളില്‍ നമ്മള്‍ തല്ലിക്കൊന്ന മനുഷ്യരെ നോക്കു

1 സത്നാം സിങ് 2 .വിനായകന്‍ 3 മോഷണ കുറ്റമാരോപിച്ചു പൊരി വെയിലത്ത് കെട്ടിയിട്ടു കൊന്ന ഇതര സംസ്ഥാന തൊഴിലാളി 4 മധു

ഇവര്‍ക്കെല്ലാം പൊതുവായി ഉള്ളത് മലയാളി പൊതു ബോധത്തതിന്റെ ‘മാന്യതയുടെ’ മാനദണ്ഡങ്ങളെ പാലിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ്. അവര്‍ വെളുത്തവരായിരുന്നില്ല. അവര്‍ വിയര്‍പ്പു മണമുള്ളവരും, മുഷിഞ്ഞവരും, താടിയും മുടിയുമുള്ളവരും, ദരിദ്രരും, രോഗികളും , നിസ്സഹായരും ആയിരുന്നു.

വിനായകന്‍

എന്നാണ് വിയര്‍പ്പു മണമുള്ള, മുഷിഞ്ഞ വസ്ത്രങ്ങളുള്ള, വിശന്നു വലഞ്ഞ, മാനസിക അസ്വാസ്ഥ്യമുള്ള മനുഷ്യര്‍ മലയാളിയുടെ പൊതു ബോധത്തെ ഇത്രെയും ഭയപ്പെടുത്താന്‍ തുടങ്ങിയത് ?

എന്ത് കൊണ്ടാണ് നിസ്സഹായരായ മനുഷ്യരെ , അവരുടെ രോഗങ്ങളെ ,ഭയങ്ങളെ , നിസ്സഹായതകളെ മനസിലാക്കാന്‍ കഴിയാത്തവണ്ണം തല്ലിക്കൊല്ലാന്‍ ആക്രോശിക്കുന്നു ആള്‍ക്കൂട്ടങ്ങളായി മലയാളി പൊതുബോധം മാറിയത് ?

ഉത്തരം കേരള ചരിത്രത്തില്‍ കിടപ്പുണ്ട് . തൊട്ടു കൂടാത്തവരെയും തീണ്ടി കൂടാത്തവരായും നമ്മള്‍ മനുഷ്യനെ വേര്‍തിരിച്ചു തല്ലി കൊന്നിട്ടുണ്ട്. ആ കാലഘട്ടത്തെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളിലൂടെ , നിരന്തരമായ മാറ്റങ്ങളിലൂടെ അതിജീവിച്ചു എന്ന് സ്വയം വിശ്വസിപ്പിച്ചു . പക്ഷെ ഇല്ല എന്നുള്ളതാണ് സത്യം. ചെവിയില്‍ ഈയം ഒഴിക്കുന്നതും തിളച്ചെണ്ണയില്‍ കൈ മുക്കുന്നതുമെ നിന്നിട്ടുള്ളു

ഉള്ളിലെ ജാതി ബോധം വംശീയ വെറി നിസ്സഹായനായ മനോരോഗിയായ ഒരു ആദിവാസി യുവാവിനെ തല്ലി കൊല്ലാന്‍ നേരം ‘ ആള്‍ക്കൂട്ടങ്ങളായി ‘തികട്ടി വരുന്നുണ്ട്.

കൈലാഷ് ജ്യോതി ബോറ

പ്രവാസികള്‍ പടുത്തുയര്‍ത്ത കേരളത്തില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ തച്ചു കൊല്ലാന്‍ നേരം ഉള്ളിലെ ജാതി ബോധം ആള്‍ക്കൂട്ടങ്ങളായി മറ നീക്കി വരുന്നുണ്ട് .

ഇല്ലാതാക്കി എന്ന് സ്വയം വിശ്വസിച്ച ഒന്നും ഇല്ലാതായിട്ടില്ല. ജാതിവെറി, വംശീയ വിദ്വേഷം പൊതുബോധത്തിന്റെ പിന്നോട്ട് നയിച്ച് കൊണ്ടിരിക്കുകയാണ്. പണ്ടും ഇങ്ങനെ തന്നെ ആയിരുന്നു. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോകണമോ എന്ന് മാത്രമാണ് ചോദ്യം.

എത്ര ആദിവാസി -ദളിത് ശവശരീരങ്ങളുടെ ചവിട്ടി നിന്നാണ് ‘പ്രബുദ്ധ കേരളം ‘പണിയാന്‍ കഴിയുക

സോമി സോളമന്‍
Advertisement