somasekharan


ബാബ രാംദേവിനെ പോലുള്ളവര്‍ക്ക് വലിയ അധോലാക സാമ്രാജ്യമുണ്ട്.


കൊച്ചി: ആര്‍.എസ്.എസ് നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ബൗദ്ധിക് പ്രമുഖ് സോമശേഖരന്‍. മതത്തിന്റെ പേരില്‍ ആര്‍.എസ്.എസിന് വിവേകം നഷ്ടപ്പെട്ടെന്നും ഇത് സംഘടനയുടെ തകര്‍ച്ചയ്ക്കു വഴിവെക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കൈരളി പീപ്പിളിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

മതത്തിന്റെ പേരില്‍ വിവേകം നഷ്ടപ്പെടുന്നത് ചീത്തലക്ഷണമാണ്. ആര്‍.എസ്.എസിന്റെ നിലപാടുകളെല്ലാം ശുദ്ധ അസംബന്ധമാണ്. ആര്‍.എസ്.എസില്‍ ആള്‍ദൈവങ്ങളോടുള്ള സ്‌നേഹം വര്‍ധിക്കുകയാണ്.

ആള്‍ദൈവങ്ങളുടെ പിടിയില്‍ അമരുകയാണ് സംഘപരിവാര്‍. ദൈവത്തിനു അടുത്ത ആളുകളാണ് എന്ന് പറയുന്നവര്‍ മനോരോഗത്തിന്റെ ലക്ഷണമുള്ളവരാണ്. ഇത്തരം നിലപാടുകളെല്ലാം ആര്‍.എസ്.എസിന്റെ തകര്‍ച്ചയ്ക്കു വഴിവെക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

മനസില്‍ ചാപല്യമുള്ളവരെ ആള്‍ദൈവങ്ങളുടെ പിറകേ പോകുന്നതില്‍ നിന്ന് പ്രാദേശിക നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കണം. ആര്‍.എസ്.എസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഇത്തരം നിലപാടുകള്‍ എന്നും സോമശേഖരന്‍ വ്യക്തമാക്കി.


Also Read: പഴയവേഷം കെട്ടാന്‍ ഒരു മടിയുമില്ല: തുനിഞ്ഞിറങ്ങിയാല്‍ സി.പി.ഐ.എമ്മിന്റെ അടിവേര് മാന്തിയേ ഞങ്ങള്‍ നിര്‍ത്തൂ: സി.പി.ഐ.എമ്മിന് വി. മുരളീധരന്റെ ഭീഷണി 


ദീര്‍ഘകാലം ആര്‍.എസ്.എസിന്റെ സംസ്ഥാന ബൗദ്ധിക് പ്രമുഖം സംഘടനയുടെ മുഖപത്രമായ കേസരിയുടെ പത്രാധിപരുമായിരുന്നു സോമശേഖരന്‍.

കഴിഞ്ഞദിവസം മീഡിയവണ്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലും ആള്‍ദൈവങ്ങളെയും അവരോട് സംഘപരിവാര്‍ സ്വീകരിക്കുന്ന നിലപാടുകളെയും വിമര്‍ശിച്ച് സോമശേഖരന്‍ രംഗത്തെത്തിയിരുന്നു.

മാതാഅമൃതാനന്ദമയിയാണ് കേരളത്തിലെ ഒന്നാമത്തെ മത മാഫിയയെന്നാണ് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ബാബ രാംദേവിനെ പോലുള്ളവര്‍ക്ക് വലിയ അധോലാക സാമ്രാജ്യമുണ്ട്. ഗോതമ്പും പൊടികളും മറ്റും കച്ചവടം ചെയ്യുന്ന ബാബ രാംദേവിനെ പോലുള്ളര്‍ക്ക് വലിയൊരു അധോലോകമുണ്ട്. ആത്മീയതയുടെ കച്ചവടമാണ്ഇവര്‍ ചെയ്യുന്നത്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ പല തരം കുറ്റകൃത്യങ്ങള്‍ ഇവരുടെ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഇവരെ മത മാഫിയകളെന്ന് വിളിക്കുന്നത്.

രാംദേവിനെയും ശ്രീ ശ്രീയെയും പോലുള്ളവരെ അടുപ്പിക്കരുത്. ഇത്തരം മാഫിയകളെ നിലക്ക് നിര്‍ത്താനും നടപടി വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം ആളുകളുമായി സംഘപരിവാറിന്റെ ചില നേതാക്കന്മാര്‍ ഉള്‍പ്പെടെ പുലര്‍ത്തുന്ന ബന്ധത്തില്‍തനിക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.