മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായി എത്തുന്ന ദൃശ്യം 3. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വൻ വരവേൽപ്പാണ് ലഭിക്കുന്നത്.
ദൃശ്യം3, Photo; IMDb
ദൃശ്യം ഒന്നും രണ്ടും നേടിയ വലിയ വിജയത്തിന് പിന്നാലെ മൂന്നാം ഭാഗത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും ട്രോളുകളും നിറയുകയാണ്.
ടീസർ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ മേക്കിങ്ങിനെ കുറിച്ചാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്. ദൃശ്യം 2 റിലീസായ സമയത്തും സമാന വിമർശനങ്ങൾ ഉയർന്നിരുന്നു.
കൊറോണ കാലഘട്ടത്തിൽ ഒ.ടി.ടി റിലീസായി എത്തിയ രണ്ടാം ഭാഗം വലിയ വിജയമായിരുന്നുവെങ്കിലും, ‘സീരിയൽ ലെവൽ മേക്കിങ്’ എന്ന തരത്തിലുള്ള ട്രോളുകൾ ചിത്രത്തിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ മൂന്നാം ഭാഗത്തിന്റെ ടീസറിനും അതേ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
‘ഇതോടെ ദൃശ്യം പരിപാടി നിർത്തുന്നതാണ് നല്ലത്, വീണ്ടും സീരിയൽ ലെവൽ മേക്കിങ് തന്നെയോ?, ക്ലൈമാക്സ് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുമോ?’ തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദൃശ്യം3, Photo: YouTube/ Screengrab
ചിലർ ഇത് ജീത്തു ജോസഫിന്റെ സ്റ്റൈലാണെന്നും, കഥയും ട്വിസ്റ്റുമാണ് പ്രധാനമെന്നും അഭിപ്രായപ്പെടുന്നു. മറ്റുചിലർ, ‘മേക്കിങ് എങ്ങനെയായാലും ജീത്തു ക്ലൈമാക്സ് കത്തിക്കും’ എന്ന രീതിയിൽ പിന്തുണയും അറിയിക്കുന്നു.
മോഹൻലാലിന്റെ അഭിനയ മികവും ജീത്തു ജോസഫിന്റെ തിരക്കഥയും ചേർന്നാൽ ചിത്രം വീണ്ടും ബോക്സ് ഓഫീസ് കീഴടക്കും എന്ന ആത്മവിശ്വാസത്തിലാണ് പലരും. ആദ്യ രണ്ട് ഭാഗങ്ങളിലും കഥയാണ് വിജയത്തിന്റെ പ്രധാന കാരണം എന്നും, മൂന്നാം ഭാഗത്തും അതുതന്നെ ആവർത്തിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ചിത്രത്തിൽ മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത് എന്നിവരും വീണ്ടും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പഴയ താരനിരയുടെ തിരിച്ചുവരവ് സിനിമയ്ക്ക് വലിയ കരുത്തായി മാറുമെന്നാണ് പ്രതീക്ഷ.
ദൃശ്യം3, Photo; IMDb
കുടുംബബന്ധങ്ങൾ, മാനസിക സമ്മർദ്ദം, സസ്പെൻസ് നിറഞ്ഞ ട്വിസ്റ്റുകൾ എന്നിവയുമായി മറ്റൊരു ശക്തമായ ത്രില്ലറിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ടീസർ പുറത്തിറങ്ങിയതോടെ തന്നെ ഇത്ര വലിയ ചർച്ചകൾ ഉയർന്ന സാഹചര്യത്തിൽ, ട്രെയ്‌ലർ പുറത്തിറങ്ങിയാൽ സോഷ്യൽ മീഡിയ കൂടുതൽ സജീവമാകുമെന്ന് ഉറപ്പാണ്. വിമർശനങ്ങളും ട്രോളുകളും ഒരുവശത്ത് തുടരുമ്പോഴും, ദൃശ്യം 3 വീണ്ടും മലയാള സിനിമ ചരിത്രത്തിൽ ഇടംനേടുമോയെന്ന ആകാംക്ഷയിലാണ് സിനിമ പ്രേമികൾ.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.