തമിഴകത്തിന്റെ ദളപതി വിജയിയുടെ രാഷ്ട്രീയ പ്രേവേശനത്തോടെ ഒഴിവുവന്ന ഗ്യാപ്പ് നികത്താന്‍ വേറെയാരും വേണ്ടെന്ന് സൂര്യ പ്രേക്ഷകര്‍ക്ക് ഉറപ്പ് നല്‍കിയ ചിത്രമായിരുന്നു കഴിഞ്ഞയഴ്ച്ച തിയേറ്ററുകളിലേക്കെത്തിയ കറുപ്പ്. ആര്‍.ജെ ബാലാജിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം 13 വര്‍ഷത്തെ സൂര്യയുടെ ഹിറ്റ് വരള്‍ച്ച അവസാനിപ്പിക്കാനും സഹായിച്ചിരുന്നു.

കറുപ്പ്. Photo: X.com

കറുപ്പ് സ്വാമിയെന്ന തെക്കന്‍ തമിഴ്‌നാട്ടില്‍ ആരാധിച്ചുവരുന്ന വിശ്വാസത്തെ കഥാപശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ മലയാളി താരങ്ങളും പ്രധാനവേഷത്തിലെത്തിയിരുന്നു. ഇന്ദ്രന്‍സ്, അനഘ മായ, സ്വാസിക തുടങ്ങിയവര്‍ക്കൊപ്പം അജു വര്‍ഗീസും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തില്‍ മിനുട്ടുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന വേഷത്തിലായിരുന്നു അജു വര്‍ഗീസ് അഭിനയിച്ചത്.

ഇപ്പോഴിതാ ചിത്രത്തില്‍ വളരെ ചെറിയ വേഷമെങ്കിലും അജു വര്‍ഗീസിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയും സിനിമാ ആരാധകരും. കറുപ്പിന് വേണ്ടി സൂര്യ ചെയ്യുന്നതിനേക്കാള്‍ ആത്മാര്‍ത്ഥമായി അജു വര്‍ഗീസ് പ്രൊമോഷന്‍ ചെയ്യുന്നുണ്ടെന്ന് കാണിച്ച് കൊണ്ടാണ് അജുവിനെ സോഷ്യല്‍ മീഡിയ ആദരിക്കുന്നത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം, ഫേസ് ബുക്ക് പേജുകളിലാണ് ചിത്രവുമായി ബന്ധപ്പെട്ട് ഒട്ടനവധി പോസറ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

അജു വര്‍ഗീസ് . Photo: Mathrubhumi

പല മുന്‍നിര താരങ്ങളും തങ്ങള്‍ നായകനായ ചിത്രങ്ങള്‍ക്ക് പോലും പ്രൊമോഷന്‍ ചെയ്യാന്‍ മടിക്കുന്ന കാലഘട്ടത്തില്‍ കൈയടി അര്‍ഹിക്കുന്ന പ്രവര്‍ത്തിയാണ് അജു ചെയ്യുന്നതെന്നാണ് കമന്റുകള്‍. ഇനി വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏതെങ്കിലും വഴിപോക്കന്റെ റോളെങ്കിലും താരത്തിന് നല്‍കിയാല്‍ നിര്‍മാതാവിന് ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള പ്രൊമോഷന്റെ ഗുണമാണ് ചിത്രത്തിന് ലഭിക്കുകയെന്ന് പലരും അഭിപ്രായപ്പെടുന്നു. നേരത്തേ താരം അഭിനയിച്ച വാഴ 2വിന് വേണ്ടിയും അജു വര്‍ഗീസ് പ്രൊമോഷന് മുന്‍നിരയിലുണ്ടായിരുന്നു. പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തിന്റെ പ്രൊമോഷന് ചുക്കാന്‍ പിടിച്ചവരുടെ കൂട്ടത്തില്‍ അജുവും സജീവമായിരുന്നു. വാഴയ്ക്ക് ലഭിച്ച പോലെ വലിയ വിജയം കറുപ്പിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ സൂര്യ ആരാധകര്‍.

Content Highlight: Social media Appreciates Aju Varghese for promoting Karuppu movie of suriya