സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് വിപിന്‍ ദാസ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായി എത്തുന്ന സിനിമ. ഈ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം എസ്.ജെ. സൂര്യയും അഭിനയിച്ചേക്കും.

എസ്.ജെ. സൂര്യ മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. ഏത് വേഷം ലഭിച്ചാലും മികച്ച അഭിനയം കാഴ്ച്ച വെക്കുന്നതിലൂടെ അഭിനയ രാക്ഷസന്‍ എന്ന ഖ്യാതി നേടിയെടുത്ത നടനാണ് എസ്.ജെ. സൂര്യ. അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വാര്‍ത്ത സ്ഥിരീകരിച്ചില്ലെങ്കിലും ഹൈദരാബാദില്‍ വെച്ച് വിപിന്‍ ദാസും എസ്.ജെ. സൂര്യയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നിരുന്നു.

ഈ കൂടിക്കാഴ്ചയില്‍ പുതിയ പ്രൊജക്റ്റിനായി ഇരുവരും കൈകോര്‍ക്കാന്‍ തീരുമാനിച്ചതായാണ് ഈ സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. ബാദുഷാ സിനിമാസിന്റെ ബാനറില്‍ ബാദുഷയും ഷിനോയ് മാത്യുവും ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

അതേസമയം ഫഹദ് ഫാസിലിന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തുന്ന ചിത്രമാണ് ആവേശം. ‘രോമാഞ്ചം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്നാണ്. 2024 ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററില്‍ റിലീസിനെത്തുന്നത്.

ആവേശത്തിന്റെ ടീസര്‍ പുറത്തുവന്നത് മുതല്‍ പ്രേക്ഷകര്‍ ഈ സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ബെംഗളൂരിലെ ഒരു ലോക്കല്‍ ഗുണ്ടയുടെ ലുക്കിലാണ് ഫഹദ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

Content Highlight: SJ Suryah joins Fahadh Faasil – Vipin Das Movie