2009-ലെ ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത പരിപാടിയിൽ മത്സരാർത്ഥിയായി എത്തുകയും പിന്നീട് 2011-ൽ പുറത്തിറങ്ങിയ ഡോക്ടർ ലവ് എന്ന സിനിമയിലെ ഗാനത്തിലൂടെ തന്റെ സംഗീത ജീവിതം ആരംഭിച്ച്‌ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ പിന്നണി ഗായികയാണ് അഞ്ജു ജോസഫ്. പിന്നീട് അലമാര, അവരുടെ രാവുകൾ, സി/ഓ സൈറ ബാനു തുടങ്ങിയ ചിത്രങ്ങളിലും അഞ്ജു ഗാനങ്ങൾ ആലപിച്ചു.

ഇപ്പോഴിതാ വനിതക്ക് നൽകിയ അഭിമുഖത്തിൽ റിമി ടോമിയിൽ നിന്ന് ഒരു പെർഫോമർ എന്ന നിലയിൽ പഠിക്കാനുള്ള ഒരുപാട് കാര്യങ്ങളുണ്ടെന്ന് പറയുകയാണ് ഗായിക അഞ്ജു ജോസഫ്.

റിമി ടോമി. Photo. Youtube/ Screen Grab

‘പെർഫോമർ എന്ന രീതിയിലും എന്റർടെയ്നർ എന്ന രീതിയിലും റിമിച്ചേച്ചിയിൽ നിന്ന് കണ്ടുപഠിക്കാൻ കുറെ കാര്യങ്ങളുണ്ട്. ഏത് ക്രൗഡിൽ കൊണ്ടിട്ടാലും ചേച്ചി അത് ഡീൽ ചെയ്യും. സ്റ്റേജിൽ നിൽക്കുമ്പോൾ ഏറ്റവും കൂടുതൽ വേണ്ടത് പ്രസൻസ് ഓഫ് മൈൻഡ് അല്ലേ? പെർഫോം ചെയ്യുമ്പോൾ മുന്നിൽ വന്ന് നിന്ന് നെഗറ്റീവ് കമന്റുകളൊക്കെ പറയുന്ന ആളുകളുണ്ടാകും. ആദ്യമൊക്കെ അതെന്നെ സങ്കടപ്പെടുത്തിയിരുന്നു. പക്ഷേ, ഇപ്പോൾ റിമിച്ചേച്ചിയെ ധ്യാനിച്ച് തിരിച്ച് കോമഡി അടിക്കും. റിമിച്ചേച്ചി എനിക്ക് ചാലഞ്ചല്ല, പാഠപുസ്തകമാണ്,’ അഞ്ജു പറഞ്ഞു.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അഞ്ജുവിന് പിന്നീട് നിരവധി ഷോകളും സിനിമകളിലും പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ റിയാലിറ്റി ഷോ കഴിഞ്ഞ് സംഗീതമേഖലയിൽ തുടരാൻ പലർക്കും കഴിയുന്നില്ലെന്നും അഞ്ജു പറഞ്ഞു.

റിയാലിറ്റി ഷോയ്ക്ക് ശേഷം കുറേക്കാലം ഗാനമേളകൾ ചെയ്താണ് മുന്നോട്ടുപോയത്. പിന്നീട് അതിൽ മടുപ്പ് തോന്നിയതോടെയാണ് സ്വന്തം ബാൻഡ് തുടങ്ങാൻ തീരുമാനിച്ചത്. അങ്ങനെയാണ് ‘അഞ്ജു ജോസഫ് ലൈവ്’ ആരംഭിക്കുന്നത്,’ അഞ്ജു പറഞ്ഞു.

പാട്ടിൽ നിന്ന് ലഭിക്കുന്ന സന്തോഷത്തിനൊപ്പം നിരാശയുടെ ഘട്ടങ്ങളും ഉണ്ടായിരുന്നു. പ്രതീക്ഷിച്ച ഇടത്തേക്ക് എത്താൻ കഴിയുന്നില്ലെന്ന് തോന്നിയപ്പോഴും അധ്വാനം തുടർന്നുവെന്നും അഞ്ജു പറയുന്നു. ‘ഭാഗ്യമെന്നേ പറയാനാകൂ. 2024ലെ ഫോർട്ട് കൊച്ചി കാർണിവലിന് ശേഷം ബാൻഡിന് നിലത്തുനിൽക്കേണ്ടി വന്നിട്ടില്ല,’ അഞ്ജു കൂട്ടിച്ചേർത്തു.

റിയാലിറ്റി ഷോയിൽ വിജയിച്ചാൽ പിന്നെ സിനിമയിൽ പാടാനും വലിയ അവസരങ്ങൾ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയോടെയാണ് ഒരുകാലത്ത് പലരും മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. എന്നാൽ യാഥാർഥ്യം അതിൽനിന്ന് വ്യത്യസ്തമാണെന്നും ഗായിക പറഞ്ഞു.

അഞ്ജു ജോസഫ്. Photo. Screen Grab/ Youtube

‘റിയാലിറ്റി ഷോ കഴിഞ്ഞിറങ്ങുമ്പോൾ ഉടനെ എ.ആർ. റഹ്മാൻ പാടാൻ വിളിക്കും, പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല എന്നൊക്കെയായിരുന്നു ഒരുകാലത്തെ വിശ്വാസം. പക്ഷേ, ആരും തിരിഞ്ഞുനോക്കിയില്ല എന്നതാണ് സത്യം,’അഞ്ജു ജോസഫ് പറഞ്ഞു.

Content Highlight: Singer Anju Joseph says there is a lot to learn from Rimi Tomy as a performer