സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാരാണ് സൂര്യയും ദുല്‍ഖര്‍ സല്‍മാനും. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ഇരുവരുടെയും വരവെങ്കിലും സ്വന്തം കഠിനാധ്വാനം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തങ്ങളുടേതായ സ്ഥാനം സ്വന്തമാക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. സ്വന്തം നാടിന് പുറമെ മറ്റ് ഭാഷയിലും ഇരുതാരങ്ങള്‍ക്കും വലിയ ഫാന്‍ബേസുമുണ്ട്.
എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് സൂര്യയും ദുല്‍ഖറും തമ്മിലുള്ള മറ്റൊരു സാമ്യതയാണ്. ഇരു താരങ്ങളുടെയും വരാനിരിക്കുന്ന പ്രൊജക്ടുകളുടെ സംവിധായകരെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ബാര്‍ട്ടര്‍ സിസ്റ്റം പോലെ ഒരാളുടെ സംവിധായകനുമായി അടുത്തയാള്‍ കൈകോര്‍ക്കുന്നുണ്ടെന്നാണ് ചിലര് കണ്ടുപിടിച്ചിരിക്കുന്നത്.
സൂര്യയുടേതായി ഇനി റിലീസാകാനുള്ള ചിത്രമാണ് സൂര്യ 46. ഈ ചിത്രത്തിന്റെ സംവിധായകന്‍ വെങ്കി അട്‌ലൂരിയാണ്. ദുല്‍ഖറിനെ നായകനാക്കി ഒരുക്കിയ ലക്കി ഭാസ്‌കറായിരുന്നു വെങ്കിയുടെ മുന്‍ ചിത്രം. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന സൂര്യ 46 ഷൂട്ട് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.
നിലവില്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ 47 എന്ന് താത്കാലികമായി ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുക. സൂര്യ 47ന് ശേഷം ജിത്തു മാധവന്‍ ദുല്‍ഖര്‍ സല്‍മാനുമായി കൈകോര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ജിത്തു മാധവന് ശേഷം സൂര്യ നഹാസ് ഹിദായത്തുമായി കൈകോര്‍ത്തേക്കുമെന്നാണ് പുതിയ റൂമറുകള്‍. സൂര്യ 47ന്റെ പൂജയുടെ സമയത്ത് നഹാസ് പറഞ്ഞ കഥ സൂര്യക്ക് ഇഷ്ടമായെന്നും അധികം വൈകാതെ ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും റിപ്പോര്‍ട്ടുണ്ട്. നാഹാസാകട്ടെ നിലവില്‍ ദുല്‍ഖറിനെ നായകനാക്കി ഒരുക്കുന്ന ഐ ആം ഗെയിമിന്റെ തിരക്കിലാണ്.
സൂര്യയും അയാളുടെ ഫാന്‍ ബോയ് ആയ ദുല്‍ഖറും തമ്മിലുള്ള ഈ വ്യത്യസ്തമായ ബാര്‍ട്ടര്‍ സിസ്റ്റം ആരാധകരുടെ ശ്രദ്ധ സ്വന്തമാക്കിയിരിക്കുകയാണ്. ഒരേ സംവിധായകരെ ഇരുവരും മാറി മാറി പരീക്ഷിക്കുന്നത് യാദൃശ്ചികതയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഏതെങ്കിലുമൊരു സിനിമയില്‍ ഇരുവരും ഒന്നിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
ഇരു താരങ്ങളുടെയും അടുത്ത ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരുപാട് കാലമായി നല്ലൊരു തിയേറ്റര്‍ ഹിറ്റ് ലഭിക്കാത്ത സൂര്യയുടെ അടുത്ത റിലീസ് കറുപ്പാണ്. ഈ ചിത്രത്തിലൂടെ താരം തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ദുല്‍ഖറാകട്ടെ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സ്വന്തം ഭാഷയിലേക്ക് തിരിച്ചെത്തുന്നത്. ഏറ്റവുമൊടുവില്‍ മലയാളത്തില്‍ ചെയ്ത കിങ് ഓഫ് കൊത്ത ട്രോള്‍ മെറ്റീരിയലായി മാറിയിരുന്നു. ഇരുതാരങ്ങളുടെയും കംബാക്കിനാണ് സിനിമാലോകം കാത്തിരിക്കുന്നത്.
Content Highlight: Similarities in Suriya and Dulquer’s lineup viral