ബെംഗളൂരു: പൊതുസമ്പര്‍ക്ക പരിപാടിക്കിടെ യുവതിയോട് കയര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. അത് കരുതിക്കൂട്ടി സംഭവിച്ചതല്ലെന്നും തെറ്റായ ഉദ്ദേശ്യത്തോടെ ചെയ്തതല്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. 15 വര്‍ഷമായി തനിക്കവരെ അറിയാമെന്നും അവരെനിക്ക് സഹോദരിയെപ്പോലെയാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

“”അവരുടെ സംസാരം നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അറിയാതെ സംഭവിച്ചതാണ്. കരുതിക്കൂട്ടിചെയ്തല്ല. യാതൊരു ദുരുദ്ദേശ്യവുമില്ല. എനിക്കവരെ 15 വര്‍ഷമായി അറിയാം. എനിക്കവര്‍ സഹോദരിയെപ്പോലെയാണ്””- സിദ്ധരാമയ്യ വ്യക്തമാക്കി.

ALSO READ: പൊതുസമ്പര്‍ക്ക പരിപാടിക്കിടെ യുവതിയോട് കയര്‍ത്ത്‌ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ; പ്രതിഷേധം ശക്തം, വീഡിയോ

ഇന്ന് രാവിലെ മൈസൂരില്‍ നടന്ന പൊതുസമ്പര്‍ക്ക പരിപാടിക്കിടയിലാണ് യുവതിയോട് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ കയര്‍ത്തത്. മൈക്ക് പിടിച്ച് വാങ്ങുകയും ഇരിക്കാന്‍ ആവശ്യപ്പെട്ട് ചൂടാകുകയും ചെയ്തു.

സംഭവം വിവാദമായതോടെ നിരവധിപേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്. കോണ്‍ഗ്രസിന് സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലെന്നും ഗാന്ധി കുടുംബത്തിലെ സ്ത്രീകളെ മാത്രം അവര്‍ ബഹുമാനിക്കുകയുള്ളുവെന്നും സംഭവത്തെക്കുറിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു.