മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ മേഖലയിലേക്ക് കടന്നുവന്ന സിബി, 1985ല്‍ മുത്താരംകുന്ന് പി.ഒ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നീട് 37 വര്‍ഷത്തിനിടയില്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയും നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തു.

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇത്രയും നീണ്ട കാലം സിനിമാ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കി. മോഹന്‍ലാലിനെ തേടി നല്ല കഥകള്‍ വരുമെന്നും എന്നാല്‍ മമ്മൂട്ടി നല്ല കഥകള്‍ തേടി പോകുന്നതുകൊണ്ടാണ് ഇന്നും മികച്ചതായി നില്‍ക്കുന്നതെന്ന് സിബി അഭിപ്രായപ്പെട്ടു. മമ്മൂട്ടിയും മോഹന്‍ലാലും ഇത്രയും കാലം സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതിന്റെ കാരണം എന്താണെന്ന ചോദ്യത്തിന് സിബിയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘അവരുടെ ഡെഡിക്കേഷനാണ് ഇതിന്റെ പ്രധാന കാരണം. സിനിമയല്ലാതെ മറ്റൊന്നും അവര്‍ക്കില്ല. മോഹന്‍ലാലിനെ സംബന്ധിച്ച് എല്ലാം നാചുറലായി വരും. പക്ഷേ അതിന് വേണ്ടി ഭയങ്കര സ്‌ട്രെയിന്‍ എടുക്കുന്ന ആളല്ല മോഹന്‍ലാല്‍. അയാള്‍ക്ക് അതൊക്കെ ഈസിയായി ചെയ്യാന്‍ പറ്റുന്നുണ്ട്. അതിനര്‍ത്ഥം മമ്മൂട്ടിക്ക് ഈസിയായി ചെയ്യാന്‍ പറ്റില്ല എന്നല്ല.

പുതിയതായി എന്ത് ചെയ്യാം എന്നാണ് മമ്മൂട്ടി ചിന്തിക്കുന്നത്. നമ്മള്‍തന്നെ മമ്മൂട്ടിയെപ്പറ്റി പറയാറുണ്ട്, മമ്മൂട്ടിയുടെ അടുത്തേക്ക് നമ്മള്‍ ചെല്ലുമ്പോള്‍ അയാള്‍ക്ക് ഇപ്പോള്‍ ചെയ്യുന്ന സിനിമയല്ല പ്രശ്‌നം. അടുത്ത സിനിമയാണ് അയാളുടെ ചിന്ത. പുള്ളിയെ സംബന്ധിച്ച് ഇപ്പോള്‍ ചെയ്യുന്ന സിനിമ ഏറ്റെടുത്തതോടുകൂടി കഴിഞ്ഞു. ആ സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണെങ്കില്‍ പോലും അയാള്‍ ചിന്തിക്കുന്നത് അടുത്തത് ഏത് കഥാപാത്രമാണ്, അത് എങ്ങനെ ചെയ്യണമെന്നാണ്.

പണ്ടുതൊട്ടേ അങ്ങനെയാണ് അയാള്‍. എനിക്ക് വേണ്ട സിനിമകള്‍ ഞാന്‍ അങ്ങോട്ട് ചെന്ന് ചോദിച്ച് വാങ്ങുകയാണെന്നാണ് അയാള്‍ പറയുന്നത്. നമ്മളെയൊക്കെ പലപ്പോഴും അപ്പ്രോച്ച് ചെയ്യാറുണ്ട്. ഏറ്റവും പുതിയ ആള്‍ക്കാരെ കൊണ്ടു വരുന്നു, പുതിയ കഥകള്‍ കേള്‍ക്കുന്നു. എവിടെനിന്നാണ് നല്ല കഥ കിട്ടുന്നതെന്ന് നോക്കി നടക്കുകയാണ് മമ്മൂട്ടി. കിട്ടിയാല്‍ അപ്പോള്‍ തന്നെ അയാള്‍ പൊക്കുകയും ചെയ്യും.

ലാല്‍ അങ്ങനെ അന്വേഷിച്ച് നടക്കാറില്ല. ലാലിലേക്ക് എത്തുന്ന കഥകളില്‍ നല്ലത് അയാള്‍ തെരഞ്ഞെടുക്കും. അവര്‍ രണ്ടുപേരുടെയും ടാലന്റ് തന്നെയാണ് അവര്‍ക്ക് ഇത്രയും ലോങ്ങിറ്റിവിറ്റി കൊടുക്കാന്‍ കാരണം. അങ്ങനെയുള്ള നടന്മാര്‍ ഇനി ഉണ്ടാകാനും സാധ്യതയില്ല. ഇതുപോലെ ദീര്‍ഘകാലം ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ ഇനി ഉണ്ടാവാന്‍ സാധ്യതയില്ല,’ സിബി പറഞ്ഞു.

Content Highlight: Sibi Malayil talks about the script selection of Mammootty