താന്‍ എല്ലാ ലൊക്കേഷനിലും അച്ചടക്കത്തോടെയാണ് ഇരിക്കാറുള്ളതെന്ന് പറയുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ലൊക്കേഷനും തന്റെ കഥാപാത്രത്തിനും വേണ്ട അച്ചടക്കത്തോടെയാണ് താന്‍ ഇരിക്കാറുള്ളതെന്നും നടന്‍ പറയുന്നു.

ഇന്റര്‍വ്യൂവില്‍ മാത്രമാണ് താന്‍ അച്ചടക്കമില്ലാതെ ഇരിക്കുന്നതെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ പതിമൂന്നാം രാത്രിയുടെ പ്രൊമോഷന്റെ ഭാഗമായി വണ്‍ റ്റു ടോക്ക്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ.

‘എല്ലാ ലൊക്കേഷനിലും ഞാന്‍ അച്ചടക്കത്തോടെയാണ് ഇരിക്കാറുള്ളത്. അതായത് ആ ലൊക്കേഷന് വേണ്ട അച്ചടക്കത്തോടെയും എന്റെ കഥാപാത്രത്തിന് വേണ്ട അച്ചടക്കത്തോടെയുമാണ് ഞാന്‍ ഇരിക്കാറുള്ളത്. അച്ചടക്കമില്ലാതെ ഇരിക്കുന്നത് ഇന്റര്‍വ്യൂവില്‍ മാത്രമാണ്.

അത് എന്റെ ജോലിയല്ല, നിങ്ങളുടെ ജോലിയാണ്. എന്റെ ജോലിയല്ല എന്നത് കൊണ്ട് ഉദേശിക്കുന്നത്, ഞാന്‍ ഇവിടെ വളരെ അച്ചടക്കത്തോടെ ഇരിക്കുന്നത് ആര്‍ക്കും കാണേണ്ട ആവശ്യമില്ല എന്നതാണ്.

അച്ചടക്കത്തോടെ ഇരിക്കാനും എന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങാനുമായിട്ടല്ല ഞാന്‍ ഇന്റര്‍വ്യു കൊടുക്കുന്നത്. ആളുകള്‍ എങ്ങനെയെങ്കിലും എന്റെ പടം കാണാന്‍ വേണ്ടിയാണ് ഈ ഇന്റര്‍വ്യു നല്‍കുന്നത്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ചെറുപ്പത്തില്‍ താന്‍ മമ്മൂട്ടിയുടെ ചിത്രവുമായി ഒരു തരത്തിലും സ്വരചേര്‍ച്ചയില്ലാത്ത കാണിയായിരുന്നുവെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നു. അന്ന് മോഹന്‍ലാലിന്റെ സിനിമകളുമായിട്ടായിരുന്നു സ്വരചേര്‍ച്ച കൂടുതല്‍ ഉണ്ടായിരുന്നതെന്നുമാണ് ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

‘ചെറുപ്പത്തില്‍ മമ്മൂക്കയുമായി ഒരു തരത്തിലും സ്വരചേര്‍ച്ച ഇല്ലാത്ത കാണിയായിരുന്നു ഞാന്‍. അന്ന് ലാലേട്ടന്റെ പടങ്ങളുമായിട്ടായിരുന്നു എനിക്ക് സ്വരചേര്‍ച്ച കൂടുതല്‍ ഉണ്ടായിരുന്നത്. കൂടുതല്‍ ഇഷ്ടം അദ്ദേഹത്തിന്റെ സിനിമകളോടായിരുന്നു.

രാപ്പകലിലൂടെയാണ് ഞാന്‍ മമ്മൂക്കയുമായി സിനിമ ചെയ്യാന്‍ തുടങ്ങുന്നത്. അപ്പോഴും അദ്ദേഹം വലിയ ഗൗരവക്കാരനും ആരോടും മിങ്കിള്‍ ചെയ്യാത്ത ആളുമാകും എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ ഓരോ പടം കഴിയുംതോറും അതൊക്കെ മാറി വരുന്ന കാഴ്ചയാണ് കണ്ടത്,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.


Content Highlight: Shine Tom Chacko Talks About His Interviews