അഹമ്മദാബാദ്: ഒരു സെല്‍ഫിക്ക് കൊടുക്കേണ്ടി വന്ന പിഴ 25,000 രൂപ! സെല്‍ഫിക്ക് കൂടെ നിര്‍ത്തിയ ആളാണ് പണി തന്നത്. മൂര്‍ഖന്‍ പാമ്പിനൊപ്പം സെല്‍ഫിയെടുത്തതിനാണ് വഡോദര സ്വദേശിയായ ബില്‍ഡര്‍ യാശേഷ് ബറോട്ടിന്‍ 25,000 രൂപ പിഴ ഒടുക്കേണ്ടി വന്നത്.
1000 രൂപക്ക് മൂര്‍ഖന്‍ എന്ന അടിക്കുറിപ്പോടെയാണ് യാശേഷ് ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ വൈറലായ ചിത്രത്തിന് 1 ലക്ഷത്തിന് മുകളില്‍ ലൈക്കുകള്‍ കിട്ടി.
തുടര്‍ന്ന് മറ്റ് സമൂഹമാധ്യമങ്ങള്‍ വഴി വൈറലാവാന്‍ തുടങ്ങിയ ചിത്രം മൃഗസ്നേഹികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കളി കാര്യമായത്.
മൃഗ സ്നേഹിയായ നേഹ പട്ടേല്‍ എന്ന യുവതി ഈ ഫോട്ടോ വന്യമൃഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ പറ്റിയുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോട്ടോ അപ്ലോഡ് ചെയ്ത ആളെ തിരിച്ചറിഞ്ഞത്.
വനംവകുപ്പ് ഉദ്യോഗസ്ഥരോട് സെല്‍ഫി എടുത്ത വിവരം യുവാവ് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് വനസംരക്ഷണ നിയമപ്രകാരം 25,000 രൂപ പിഴ ചുമത്തുകയായിരുന്നു.
“ഈ ചിത്രം എന്റെ സുഹൃത്ത് ജിത്തു ചാന്ദ്‌വാനിയുടെ വാട്ട്‌സാപ്പ് സന്ദേശം എനിക്ക് വഴി ലഭിക്കുകയായിരുന്നു. ഉടനെ വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചിത്രം വ്യജമല്ലെന്നും സ്ഥിരീകരിച്ചു. പിന്നീട് പ്രതിയെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു” നേഹ പട്ടേല്‍ പറഞ്ഞു.
പ്രതി തന്നെയാണ് മൂര്‍ഖന്‍ പാമ്പിനോപ്പം സെല്‍ഫി എടുത്ത് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തത് എന്ന് സമ്മതിച്ചിട്ടുണ്ടെന്നും. പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നെന്നും വഡോദര റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.ബി. ചൗഹാന്‍ പറഞ്ഞു.
ഇയാള്‍ക്കെതിരെ 25,000 രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും.1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം സംരക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെട്ട മൂര്‍ഖന്‍ പാമ്പുകളുടെ വില്‍പ്പന നിരോധിച്ചിട്ടുള്ളതാണെന്നും ചൗഹാന്‍ പറഞ്ഞു.
