തിയേറ്ററിലെ തേരോട്ടത്തിന് ശേഷം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3. മലയാളത്തിലെ ഹിറ്റ് ഫ്രാഞ്ചൈസിയായ ദൃശ്യത്തിനൊപ്പം മോഹന്‍ലാല്‍ എന്ന അതികായനും ചേര്‍ന്നപ്പോള്‍ കോടികളുടെ ബിസിനസാണ് ചിത്രം സ്വന്തമാക്കിയത്. ഒ.ടി.ടി റൈറ്റ്‌സും ബോളിവുഡ് വമ്പന്മാരായ പനോരമ സ്റ്റുഡിയോസുമായുള്ള കരാറും ബോക്‌സ് ഓഫീസ് കളക്ഷനും അടക്കം 330 കോടിയോളമായിരുന്നു ചിത്രം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്.
സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചിട്ടും തിയേറ്ററുകളില്‍ നിന്നും 240 കോടിയിലധികം സ്വന്തമാക്കി വന്‍ കുതിപ്പായിരുന്നു ചിത്രം നടത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് (വ്യാഴം) അര്‍ധരാത്രി മുതല്‍ ചിത്രം പ്രൈം വീഡിയോ വഴി സ്ട്രീമിങ് ആരംഭിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളില്‍ നിന്നും ചിത്രത്തിനെതിരെ ട്രോളുകളും ഉയര്‍ന്നിരുന്നു. വീണ നന്ദകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തെ ബക്കറ്റ് സ്റ്റാര്‍ എന്ന് പേരിട്ടും മൂന്നാം ഭാഗത്തില്‍ തിരിച്ചെത്തിയ ഷാജോണിന്റെ സഹദേവനെ വാസു അണ്ണന്‍ 2.0 എന്നും ട്രോളിക്കൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
അതേസമയം ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് കുട്ടിയുടെ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സിനോടടുപ്പിച്ച് ജോര്‍ജ് കുട്ടി സിദ്ദിഖ് അവതരിപ്പിച്ച വരുണിന്റെ അച്ഛന്‍ കഥാപാത്രം പ്രഭാകറിനെ ഭീഷണിപ്പെടുത്തുന്ന രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സീനില്‍ മോഹന്‍ലാലിന്റെ ഡയലോഗ് ഡെലിവെറിയെ പ്രശംസിച്ചാണ് പലരും രംഗത്തെത്തുന്നത്. ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തിന്റെ എല്ലാ തീവ്രതയും ഈ ഡയലോഗിലൂടെ പ്രേക്ഷകരിലേക്ക് കൈമാറാന്‍ മോഹന്‍ലാലിന് സാധിക്കുന്നുണ്ടെന്ന് കാണാം.
ഇനിയും എന്റെ മകളുടെ പിന്നാലെ വന്നാല്‍ കൊന്ന് കളയും എന്ന് ജോര്‍ജ്കുട്ടി പറയുമ്പോള്‍ ആദ്യ ഭാഗത്തില്‍ കൈ കൂപ്പി അപേക്ഷിച്ച സ്ഥിതിയില്‍ നിന്നും തന്റെ കുടുംബത്തെ രക്ഷപ്പെടുത്താന്‍ ഇനി എന്തും ചെയ്യാന്‍ മടിക്കില്ല എന്ന നിലയിലേക്ക് കഥാപാത്രം എത്തുന്നത് കാണാം. ഒരു പക്ഷേ ഇനി വരാനിരിക്കുന്ന ദൃശ്യം 4ല്‍ ഒരു അപകടത്തിനായി ജോര്‍ജ് കുട്ടി കാത്തിരുന്നേക്കില്ല എന്നതിന്റെ സൂചനയാണിതെന്ന് പലരും വിലയിരുത്തുന്നു. ഇതോടെ അടുത്ത ഭാഗത്തില്‍ ജോര്‍ജുകുട്ടിയുടെ മറ്റൊരു വേര്‍ഷന്‍ കാണാമെന്നും പലരും പ്രതീക്ഷിക്കുന്നു.
അതേസമയം കഥാപാത്രത്തെ കൃത്യമായി അവതരിപ്പിക്കാന്‍ മോഹന്‍ലാലിനായി എന്നതും ശ്രദ്ധേയമാണ്. അടുത്തിടെ പുറത്തിറങ്ങിയ മഹേഷ് നാരായണന്‍ ചിത്രം പേട്രിയറ്റിലും താരത്തിന്റെ ഡയലോഗ് ഡെലിവറി ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlight: Scene From Drishyam 3 goes viral after ott streaming
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.