കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി കന്യാസ്ത്രീകളെ അപമാനിച്ച പി.സി ജോര്‍ജ്ജ് എം.എല്‍.എയ്‌ക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. ജലന്ധര്‍ ബിഷപ്പിനെതിരെ നടപടിയെടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച കന്യാസ്ത്രീകളെയും പരാതി നല്‍കിയ കന്യാസ്ത്രീയെയുമാണ് പി.സി ജോര്‍ജ്ജ് വിമര്‍ശിച്ചിരുന്നത്.

ശാരദക്കുട്ടിയുടെ പ്രതികരണം

കേരളത്തിലെ എല്ലാ സ്ത്രീകളും ശ്രദ്ധിക്കണം. നമ്മള്‍ പെട്ടെന്നു തന്നെ കന്യകാത്വ- ചാരിത്രൃ പരിശോധനകള്‍ നടത്തി പൂഞ്ഞാര്‍ MLA ക്ക് മെഡിക്കല്‍ റിപ്പോര്‍ട്ടു നല്‍കുക..

ചാരിത്ര്യശുദ്ധിയുള്ള സ്ത്രീകള്‍ മാത്രം ഇനി മേലില്‍ പൊതുക്കാര്യങ്ങളില്‍ ഇടപെട്ടാല്‍ മതി. അല്ലെങ്കില്‍ അദ്ദേഹം അതെല്ലാം അന്വേഷിച്ചു കണ്ടു പിടിച്ചു വരും. ..കാരണം പരിശുദ്ധിയുടെ അപ്പോസ്തലന്മാരോടാണ് നമ്മള്‍ നിരന്തരം ഇടപെടേണ്ടത്.. അവര്‍ക്ക് തരിപോലും കളങ്കമേശാന്‍ നമ്മളായിട്ട് ഇടയുണ്ടാക്കരുത്.

ഇങ്ങനെ പെണ്ണുങ്ങളെ അവഹേളിക്കുന്ന ഒരുത്തനെ കയ്യാമം വെച്ച് അകത്തിടുവാന്‍ വകുപ്പില്ലെങ്കില്‍ അയാളുടെ ഇത്തരം വകതിരിവില്ലാത്ത ഭാഷണം മേലില്‍ കേള്‍പ്പിക്കില്ലെന്ന് ചാനലുകള്‍ക്കു തീരുമാനിച്ചുകൂടേ? അവരിതിനു കൂട്ടു നില്‍ക്കാന്‍ പാടില്ല.

ഒരു മനുഷ്യനെ പിശാചിനെപ്പോലെ ആക്കിത്തീര്‍ക്കുന്നത് അയാള്‍ പറയുന്ന കള്ളങ്ങളാണ്. പിശാച്, ആദി മുതല്‍ ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനുമാണ് എന്ന് ബൈബിള്‍ പറയുന്നുണ്ട്..

ഭോഷ്‌കിന്റെ അപ്പന്‍ ! എന്തൊരു കിടിലന്‍ പ്രയോഗം..