‘ഇന്ത്യന്‍ ടീമിനായി റണ്‍സ് നേടുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തമേറ്റെടുക്കണം. മാത്രമല്ല നിങ്ങള്‍ സ്‌കോര്‍ ചെയ്യുകയും വേണം. ഇംഗ്ലണ്ടിനെതിരായ ടി-20 ലോകകപ്പ് സെമിഫൈനലിന് മുമ്പ്, ഞങ്ങളുടെ ടോപ് ഓര്‍ഡറിന് അധികം സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ധാരാളം ആളുകള്‍ വന്ന് എന്നോട് പറഞ്ഞു, ‘ഇത് ഇംഗ്ലണ്ടാണ്, ആര്‍ച്ചറാണ് ബൗള്‍ ചെയ്യുന്നത്, അദ്ദേഹം നിങ്ങളെ മുമ്പ് 3-4 തവണ പുറത്താക്കിയിട്ടുണ്ട് എന്നൊക്കെ.
പക്ഷേ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഞാന്‍ ഒന്നും ഉറക്കെ പറഞ്ഞില്ല. നിങ്ങള്‍ കൂടുതല്‍ സംസാരിച്ചാല്‍ നിങ്ങള്‍ അഹങ്കാരിയാണെന്ന് കരുതും, അത് എന്റെ വിശ്വാസത്തിന് വിരുദ്ധമാണ്. അതിനാല്‍, ഞാന്‍ നിശബ്ദമായി ആംഗ്യം കാണിച്ചു, ‘അതെ, നമുക്ക് കാണാം’.
ഞാന്‍ എന്റെ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. ഈ സഞ്ജു സാംസണ്‍ ഒരു വര്‍ഷം മുമ്പുള്ള സഞ്ജു സാംസണ്‍ അല്ലെന്ന് എനിക്കറിയാമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്നിങ്‌സിന് ശേഷം, എന്റെ ആത്മവിശ്വാസം ഉയര്‍ന്നിരുന്നു.
ഞാന്‍ കാര്യങ്ങള്‍ കൃത്യമായി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. സംശയത്തിന് ഇടമില്ലായിരുന്നു. എന്റെ രാജ്യത്തിനുവേണ്ടി ഞാന്‍ അത് ചെയ്യാന്‍ പോകുന്നു, ആര്‍ക്കും അത് തടയാന്‍ കഴിയില്ല,’ സഞ്ജു ജിയോ ഹോട്‌സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
ലോകകപ്പില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സ് നേടിയായിരുന്നു സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. സഞ്ജു തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കിയത്. ടി-20 ലോകകപ്പ് തുടങ്ങിയത് മുതലുള്ള മത്സരങ്ങളില്‍ ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും തമ്മിലുള്ള ലെഫ്റ്റ്- ലെഫ്റ്റ് കോംബിനേഷന്‍ പരാജയപ്പെട്ടതോടെയായിരുന്നു നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ലെഫ്റ്റ് റൈറ്റ് കോംബിനേഷനിലേക്ക് തിരിച്ചെത്തിയത്.
2026 ടി-20 ലോകകപ്പിന് ശേഷം അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലായി നാല് മത്സരങ്ങളിലാണ് സഞ്ജു കളിച്ചത്. അയര്‍ലാന്‍ഡില്‍ 5, 0 എന്നിങ്ങനെയും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഒരു റണ്‍സുമാണ് നേടിയത്. പിന്നീട് വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയതോടെ പുറത്തിരുന്ന സഞ്ജു, അവസാന മത്സരത്തില്‍ തിരിച്ചെത്തി 14 പന്തില്‍ 27 റണ്‍സ് നേടിയിരുന്നു. മാത്രമല്ല ശേഷം നടന്ന സിംബാബ്‌വേ പര്യടത്തില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ 2026ലെ ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: Sanju Samson speaks about facing England bowler Jofra Archer in the 2026 World Cup